ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകം മുഴുവന്‍ വ്യാപിച്ച കൊറോണാവൈറസ് ഉത്ഭവം മറ്റുള്ളവരുടെ തലയില്‍ വച്ച് കെട്ടാനുള്ള ചൈനയുടെ ശ്രമം തുടരുന്നു. ലോകത്തു തങ്ങള്‍ ഒറ്റപ്പെടുകയാണെന്നു മനസിലാക്കി പഴി മറ്റുള്ളവരുടെ തലയിലാക്കാനുള്ള ബോധപൂര്‍വമായ ശ്രമം ചൈന നടത്തിവരുകയാണ്. വൈറസ് തങ്ങളുടെ രാജ്യത്ത് നിന്നല്ല ഉത്ഭവിച്ചതെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലാണ് അവിടുത്തെ ശാസ്ത്രജ്ഞര്‍. ഇതിന്റെ ഭാഗമായി ഇപ്പോള്‍ ഇന്ത്യക്ക് നേരെയാണ് ചൈന വിരല്‍ചൂണ്ടുന്നത്.
കൊറോണാവൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്നാണ് എന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നു. 2019 വേനല്‍ക്കാലത്ത് ഇന്ത്യയില്‍ നിന്ന് ഉത്ഭവിച്ചതാണ് വൈറസെന്നാണ് ചൈനീസ് അക്കാഡമി ഓഫ് സയന്‍സസ് ടീം വാദിക്കുന്നത്. മലിനമായ ജലത്തിലൂടെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പ്രവേശിക്കുകയും ഇത് തിരിച്ചറിയാതെ വുഹാനിലേക്ക് യാത്ര ചെയ്തതുമാണ് കാരണമെന്ന് ചൈന ആരോപിക്കുന്നു.
എന്നാല്‍ ചൈനയുടെ ഈ വാദങ്ങളെ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി വിദഗ്ധന്‍ ഡേവിഡ് റോബര്‍ട്‌സണ്‍ തള്ളി. ചൈന അവതരിപ്പിക്കുന്ന ശാസ്ത്ര നിഗമനങ്ങള്‍ തെറ്റുകള്‍ നിറഞ്ഞതാണ്. നിലവില്‍ കൊറോണയെ പറ്റി മനസ്സിലാക്കിയതില്‍ കൂടുതലൊന്നും ഈ ഗവേഷണം ചെയ്തിട്ടില്ല, അദ്ദേഹം വ്യക്തമാക്കി. വൈറസിന്റെ ഉത്തരവാദിത്വം തങ്ങളുടെ മേല്‍ നിന്നും നീക്കാനുള്ള ശ്രമങ്ങളില്‍ അവസാനത്തേതാണ് ഈ വാദം. നേരത്തെ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ഇറ്റലി, യുഎസ് എന്നിവിടങ്ങളില്‍ നിന്നാണെന്ന് മുന്‍പ് ചൈന ആരോപിച്ചിരുന്നു.
തങ്ങളുടെ രാജ്യത്ത് കണ്ടെത്തിയത് ഒറിജിനല്‍ വൈറസല്ലെന്നും, മറിച്ച് ബംഗ്ലാദേശ്, യുഎസ്എ, ഗ്രീസ്, ഓസ്‌ട്രേലിയ, ഇന്ത്യ, ഇറ്റലി, ചെക്ക് റിപബ്ലിക്ക്, റഷ്യ, സെര്‍ബിയ എന്നിങ്ങനെ എട്ട് രാജ്യങ്ങളാണ് ഇതിന്റെ ഉറവിടമായിരിക്കാന്‍ സാധ്യതയെന്നും ചൈന ആരോപിക്കുന്നു.
എന്നാല്‍ ലോകാരോഗ്യ സംഘടന പോലും ചൈനയിലാണ് കൊറോണയുടെ ഉത്ഭവം തേടുന്നത്. ശാസ്ത്രീയ തെളിവുകളും ഇതിനെ ബലപ്പെടുത്തുന്നു.