വിദേശം

സുക്കര്‍ബര്‍ഗിന്റെ 5കോടിയുടെ ചാരിറ്റി ഗ്രാന്റ് കോട്ടയംകാരനായ ഗവേഷകന്


ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗും ഭാര്യ ഡോ. പ്രിസില്ല ചാനും ചേര്‍ന്ന് രൂപം നല്‍കിയ ചാരിറ്റിയുടെ ഈ വര്‍ഷത്തെ 'ഇമേജിങ് സയന്റിസ്റ്റ് ഗ്രാന്റ്' ലഭിച്ചവരില്‍ കോട്ടയം സ്വദേശി ഡോ.പ്രമോദ് പിഷാരടിയും. നൂതന ഇമേജിങ് വിദ്യകള്‍ രൂപപ്പെടുത്താനുള്ളതാണ് ഗ്രാന്‍ഡ്. 6.86 ലക്ഷം ഡോളര്‍ (5 കോടി രൂപ) ആണ് ഗ്രാന്‍ഡ് തുക, കാലാവധി അഞ്ചുവര്‍ഷം.

'ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവി'ന്റെ (CZI) ഗ്രാന്‍ഡ് ലഭിക്കുന്ന ആദ്യ മലയാളി ശാസ്ത്രജ്ഞനാണ് ഡോ.പിഷാരടി. യു.എസില്‍ മിനസോട്ട സര്‍വകലാശാലയ്ക്ക് കീഴിലെ 'മാഗ്നറ്റിക് റെസണന്‍സ് റിസര്‍ച്ച് സെന്ററി'ല്‍ (CMRR) ഗവേഷകനാണ് അദ്ദേഹം.

ഡോ.പിഷാരടി ഉള്‍പ്പടെ, ഇമേജിങ് വിദ്യകള്‍ രൂപപ്പെടുത്തുന്ന 22 ശാസ്ത്രജ്ഞര്‍ക്ക് ഇത്തവണ സി.സെഡ്.ഐ.ഗ്രാന്‍ഡ് ലഭിച്ചു. എഞ്ചിനിയര്‍മാര്‍, ഭൗതികശാസ്ത്രജ്ഞര്‍, ഗണിതവിദഗ്ധര്‍, കമ്പ്യൂട്ടര്‍ ഗവേഷകര്‍, ജീവശാസ്ത്രജ്ഞര്‍-അങ്ങനെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്രയും പേര്‍ക്ക് മൊത്തം 1.75കോടി ഡോളര്‍ (130 കോടി രൂപ) ആണ് ഗ്രാന്‍ഡ് അനുവദിച്ചിട്ടുള്ളത്.

ഇമേജിങ് വിദ്യകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നവീന കമ്പ്യൂട്ടേഷണല്‍ ആല്‍ഗരിതങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വിദഗ്ധനാണ് ഡോ.പിഷാരടിയെന്ന്, സി.സെഡ്.ഐ. അറിയിപ്പില്‍ പറഞ്ഞു. 'അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ്' (ALS), പാര്‍ക്കിന്‍സണ്‍സ് രോഗം, അല്‍ഷൈമേഴ്‌സ് എന്നിങ്ങനെയുള്ള മസ്തിഷ്‌ക അപചയ രോഗങ്ങളെ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഇമേജിങ് വിദ്യകള്‍ രൂപപ്പെടുത്താനുള്ള പദ്ധതിയാണ് ഗ്രാന്റിനായി ഡോ. പിഷാരടി സമര്‍പ്പിച്ചത്.

മസ്തിഷ്‌ക്കത്തിലെ ന്യൂറല്‍ കണക്ഷനുകള്‍ മാപ്പ് ചെയ്യാനുപയോഗിക്കുന്ന നൂതന വിദ്യയാണ് 'പ്രസരണ എം.ആര്‍.ഐ.' (diffusion MRI). അതിനെ പുതിയ സാധ്യതകളിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ് ഡോ. പിഷാരടി.

കോട്ടയം കടുത്തുരുത്തി കൈലാസപുരത്ത് പിഷാരത്ത് പരേതരായ ത്രിവിക്രമ പിഷാരടിയുടെയും പ്രേമ പിഷാരസ്യാരുടെയും മകനാണ് ഡോ.പിഷാരടി. ഭാര്യ രാധിക, മകള്‍ പാര്‍വതി.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions