വിദേശം

ക്രൈസ്റ്റ് ചര്‍ച്ചില്‍ കൂട്ടക്കൊല നടത്തിയ പ്രതി ഇന്ത്യയില്‍ മൂന്നുമാസം താമസിച്ചിരുന്നു; അന്വേഷണ റിപ്പോര്‍ട്ട്

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ടു മസ്ജിദുകളില്‍ കഴിഞ്ഞ വര്‍ഷം കൂട്ടക്കൊല നടത്തിയ കേസിലെ പ്രതി ഇന്ത്യയില്‍ മൂന്നു മാസം താമസിച്ചിരുന്നതായി അന്വേഷണ റിപ്പോര്‍ട്ട്. പ്രതി ഓസ്‌ട്രേലിയന്‍ വംശജനായ ബ്രന്റന്‍ ടറാന്റ് 2016ലാണ് മൂന്നു മാസം ഇന്ത്യയില്‍ താമസിച്ചിരുന്നതായി വ്യക്തമാകുന്നത്. ക്രൈസ്റ്റ് ചര്‍ച്ചില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ വെടിവെയ്പ്പില്‍ 51 പേരാണ് കൊല്ലപ്പെട്ടത്.

ക്രൈസ്റ്റ് ചര്‍ച്ച് കൂട്ടക്കൊലയ്ക്ക് മുമ്പായി ബ്രന്റന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അതേസമയം ഇന്ത്യയില്‍ എവിടെയാണ് താമസിച്ചതെന്നോ, എന്താണ് ചെയ്തിരുന്നതെന്നോ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോവെച്ച് തീവ്ര സംഘടനകളുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നോയെന്ന് പരിശോധിക്കുന്നുണ്ട്. കൂടാതെ ആയുധ പരിശീലനം നേടിയിരുന്നോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

2015 നവംബര്‍ 21 മുതല്‍ 2016 ഫെബ്രുവരി 18 വരെയാണ് ബ്രന്റന്‍ ഇന്ത്യയില്‍ താമസിച്ചത്. 2015 അവസാനം മുതല്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ബ്രന്റന്‍ 2019ലാണ് ന്യൂസിലാന്‍ഡില്‍ എത്തുന്നത്. ഇന്ത്യയ്ക്കു പുറമെ ചൈന, ജപ്പാന്‍, റഷ്യ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഇയാള്‍ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ കാലം തങ്ങിയത് ഇന്ത്യയിലാണെന്നും റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മറ്റൊരാളുമായുള്ള അമ്മയുടെ ബന്ധവും, തുടര്‍ന്ന് മാതാപിതാക്കള്‍ വിവാഹ മോചനം നേടിയതും ബ്രന്റന്റെ മനസിനെ ഉലച്ചിരുന്നതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂള്‍ കാലം കഴിഞ്ഞ ശേഷം ഒരു ജിമ്മില്‍ ട്രെയിനറായിരുന്നു ബ്രന്റന്‍. അക്കാലം മുതല്‍ മനസില്‍ വിദ്വേഷ ചിന്തകള്‍ ഇയാള്‍ പുലര്‍ത്തിയിരുന്നു. കുടിയേറ്റം പാശ്ചാത്യലോകത്തിന് ഭീഷണിയാണെന്നും ഇയാള്‍ ചിന്തിച്ചിരുന്നു. മസ്ജിദ് കൂട്ടക്കൊലയില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബ്രന്റന് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ന്യൂസിലാന്റ് ഇന്റലിജന്‍സ് ഏജന്‍സിക്കും സര്‍ക്കാരിനും വിമര്‍ശനം ഉണ്ട്. മുസ്‌ലിം സമൂഹത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഏജന്‍സികള്‍ പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

ഇസ്‌ലാമിക തീവ്രവാദത്തെ പ്രതിരോധിക്കുന്നതിന് വലിയ പ്രാധാന്യം നല്‍കിയ ഏജന്‍സികള്‍ ആനുപാതികമായ ഗൗരവത്തോടെ വെള്ളക്കാരുടെ വംശീയ തീവ്രവാദത്തെ കണക്കാക്കിയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം നടത്തിയ ബ്രെന്റണ്‍ ടാറന്റിന്റെ ആയുധങ്ങളുടെ ലൈസന്‍സ് കൃത്യമായി പരിശോധിക്കുന്നതില്‍ പോലും പൊലീസ് പരാജയപ്പെട്ടുവെന്നും 800 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂസിലാന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ തീവ്രവാദ ആക്രമണമായിരുന്നു ക്രെസ്റ്റ് ചര്‍ച്ചിലേത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ബ്രെന്റണ്‍ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു.

ബ്രെന്റണെ ഉടന്‍ തന്നെ പൊലീസ് പിടിയിലാവുകയും ഇയാളെ പരോളില്ലാത്ത ജീവപര്യന്തം തടവിന് കോടതി വിധിക്കുകയും ചെയ്തു. ന്യൂസിലാന്റില്‍ ആദ്യമായിട്ടായിരുന്നു ഒരു കുറ്റവാളിക്ക് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.

റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പ്രതികരിച്ചു. ആക്രമണം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പറയുന്നില്ലെങ്കിലും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. സര്‍ക്കാരിന് വേണ്ടി ഇക്കാര്യത്തില്‍ താന്‍ മാപ്പ് ചോദിക്കുകയാണെന്നും ജസീന്ത പറഞ്ഞു.

നേരത്തെ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തോടുള്ള ജസീന്തയുടെ പ്രതികരണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആക്രമണത്തില്‍ ബാധിക്കപ്പെട്ട മുസ് ലിങ്ങളെ സന്ദര്‍ശിക്കാന്‍ ജസീന്തയെത്തിയത് ശിരോവസ്ത്രം ധരിച്ചുകൊണ്ടായിരുന്നു. ആക്രമണം നടന്നതിന്റെ തൊട്ടടുത്ത വെള്ളിയാഴ്ച കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരസൂചകമായി ന്യൂസിലന്റ് ടിവിയിലൂടെയും റേഡിയോയിലൂടെയും ബാങ്കുവിളി മുഴങ്ങി. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഖുര്‍ആന്‍ പാരായണത്തോടെയായിരുന്ന ആരംഭിച്ചത്. ‘അസ്സലാമു അലൈക്കും’ എന്ന് സലാം ചൊല്ലിക്കൊണ്ടായിരുന്നു ജസീന്ത പ്രസംഗം ആരംഭിച്ചത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions