ഫിസറിന്റെ കൊറോണാവൈറസ് വാക്‌സിന്‍ കുത്തിവെച്ച യുകെയിലെ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അലര്‍ജിക് റിയാക്ഷന്‍ രൂപപ്പെട്ടത് ആശങ്ക ഉളവാക്കിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് മരുന്നുകളോട് മുന്‍പ് തന്നെ അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കപ്പെട്ടതോടെ ആശങ്കയ്ക്ക് പരിഹാരമായിരുന്നു. പക്ഷെ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത പ്രകാരം അലര്‍ജി ചരിത്രമില്ലാത്ത മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കൂടി ഗുരുതരമായ അലര്‍ജിക് റിയാക്ഷന്‍ കണ്ടെത്തിയെന്നാണ്.
അലാസ്‌കയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് വാക്‌സിന്‍ നല്‍കി പത്ത് മിനിറ്റിനകം റിയാക്ഷന്‍ രൂപപ്പെട്ടത്. ജൂണിയുവിലെ ബാര്‍ലെറ്റ് റീജ്യണല്‍ ഹോസ്പിറ്റലില്‍ കുത്തിവെയ്പ്പ് എടുത്ത ജീവനക്കാരിക്ക് പെട്ടെന്നാണ് അലര്‍ജിക് റിയാക്ഷനുകള്‍ കണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ഐസിയുവിലാണ്. നിലവില്‍ ഇവര്‍ ആരോഗ്യം വീണ്ടെടുത്തതായും ഉടന്‍ ആശുപത്രി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സ്ത്രീക്ക് മുന്‍ അലര്‍ജി ചരിത്രവുമില്ലെന്ന് അലാസ്‌ക ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് & സോഷ്യല്‍ സര്‍വ്വീസസ് അറിയിച്ചു. ബ്രിട്ടനില്‍ വാക്‌സിന്‍ ലഭിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രൂപപ്പെട്ട അനാഫിലാക്ടിക് റിയാക്ഷനാണ് യുഎസിലെ ആരോഗ്യ പ്രവര്‍ത്തകയിലും കണ്ടതെന്നാണ് വിവരം.
അലര്‍ജി റിയാക്ഷന്‍ രൂപപ്പെട്ടതോടെ തനിക്ക് രണ്ടാമത്തെ ഡോസ് ലഭിക്കില്ലെന്ന നിരാശയിലാണ് ആരോഗ്യ പ്രവര്‍ത്തകയെന്ന് ബാര്‍ലെറ്റ് റീജ്യണല്‍ ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.
രാജ്യത്ത് വാക്‌സിനേഷന്‍ തുടങ്ങിയ ശേഷം റിയാക്ഷന്‍ രേഖപ്പെടുത്തിയ ആദ്യ കേസാണിതെന്ന് സിഡിസി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജേ ബട്‌ലര്‍ വ്യക്തമാക്കി. അമേരിക്കയില്‍ ഫിസര്‍ വാക്‌സിന് അംഗീകാരം നല്‍കിയതിന് പിന്നാലെ ആയിരക്കണക്കിന് പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിക്കഴിഞ്ഞെന്നാണ് ന്യൂയോര്‍ക്ക്, മിഷിഗണ്‍, ഇഡാഹോ എന്നിവിടങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അടുത്ത ഏതാനും ആഴ്ചകളില്‍ ആയിരങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങുന്ന അമേരിക്ക ഈ സംഭവത്തോടെ ജാഗ്രതയിലാണ്. വാക്‌സിന്‍ ലഭിക്കുന്നവരെ കൂടുതല്‍ കര്‍ശനമായി നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം. എന്തായാലും ഈ സംഭവത്തിന്റെ പേരില്‍ വാക്‌സിനേഷന്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് അലാസ്‌ക ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആനി സിങ്ക് പറഞ്ഞു.