വിദേശം

തിരഞ്ഞെടുപ്പ് അട്ടിമറിക്കു ശ്രമം; ഇലക്ഷന്‍ ഓഫീസറുമായുള്ള ട്രംപിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടത്താന്‍ ശ്രമിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജോര്‍ജിയയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണത്തിന്റെ ഫോണ്‍ റെക്കോര്‍ഡാണ് പുറത്തുവന്നത്. വാഷിംഗ്ടണ്‍ പോസ്റ്റാണ് റെക്കോര്‍ഡ് പുറത്തുവിട്ടത്.

'11,780 വോട്ട്, എനിക്ക് അത്രയും മാത്രം മതി.' എന്ന് ട്രംപ് ആവശ്യപ്പെടുന്നത് ഈ റെക്കോര്‍ഡില്‍ വ്യക്തമായി കേള്‍ക്കാം. ജോര്‍ജിയയുടെ സെക്രട്ടറിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ബ്രാഡ് റാഫന്‍സ്‌പെര്‍ജറോടാണ് ട്രംപ് വോട്ടിനായി സംസാരിക്കുന്നത്.

'ജോര്‍ജിയയിലെ ജനങ്ങള്‍ രോഷത്തിലാണ്. രാജ്യത്തെ ജനങ്ങള്‍ രോഷത്തിലാണ്. നിങ്ങള്‍ വീണ്ടും വോട്ടെണ്ണല്‍ നടത്തിയെന്ന് പറയുന്നത് ശരിയാണ്' ട്രംപ് പറയുന്നു

'പക്ഷെ പ്രസിഡന്റ്, പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ നിങ്ങളുടെ കയ്യിലുള്ള കണക്കുകള്‍ തെറ്റാണ്' റാഫന്‍സ്‌പെര്‍ജര്‍ മറുപടി പറയുന്നു.

'എനിക്ക് 11,780 വോട്ടുകള്‍ കിട്ടിയാല്‍ മതി. നമ്മളാണ് ആ സംസ്ഥാനത്തില്‍ ജയിച്ചത്.' ട്രംപ് വീണ്ടും ആവശ്യപ്പെടുന്നു. ഇങ്ങനെയാണ് ഫോണ്‍ സംഭാഷണം മുന്നോട്ടുപോകുന്നത്.

ജോര്‍ജിയയിലെ തെരഞ്ഞെടുപ്പ് ഫലം ശരിയാണെന്ന് റാഫന്‍സ്‌പെര്‍ജര്‍ പല തവണ ആവര്‍ത്തിക്കുന്നതും സംഭാഷണത്തില്‍ കേള്‍ക്കാം.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്‍ വിജയിക്കുമെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നെന്നാരോപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ട്രംപ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.ഇതിനോടകം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആരോപണം ഉയര്‍ത്തിയ ട്രംപിന്റെ 60 ഓളം ഹര്‍ജികള്‍ യു.എസ് കോടതികള്‍ തള്ളിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിനെതിരെ നിരന്തരം ട്വീറ്റ് ചെയ്തുകൊണ്ടിരുന്ന ട്രംപിന്റെ പല ട്വീറ്റുകളും ട്വിറ്റര്‍ നീക്കം ചെയ്യുകയും തെറ്റായ വിവരങ്ങളാണെന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

50 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എല്ലാ വോട്ടുകളും ഔദ്യോഗികമായി എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ഡിസംബര്‍ 14ന് ജോ ബൈഡനെ വിജയിയായി ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിച്ചിരുന്നു. ബൈഡന് 303 ഇലക്ട്രല്‍ വോട്ടുകളും ട്രംപിന് 232 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. ഇതിന് ശേഷവും പരാജയം സമ്മതിക്കാതിരുന്ന ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.

മാര്‍ച്ച് ഫോര്‍ ട്രംപ് എന്ന പുതിയ പ്രതിഷേധ സമരവുമായാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. ജനുവരി ആറിന് രാവിലെ വൈറ്റ് ഹൗസിനു മുന്നില്‍ മാര്‍ച്ചിനായി അണിനിരക്കണമെന്നാണ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്. വീഡിയോയും ട്രംപ് പങ്കുവെച്ചിട്ടുണ്ട്.

വാഷിംഗ്ടണ്‍ ഡി.സി ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിക്കായി ഒത്തുചേരൂ, ചരിത്രത്തിന്റെ ഭാഗമാകൂ എന്നാണ് വീഡിയോയില്‍ പറയുന്നത്. തെരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പുവരുത്തുക, അന്തസത്ത സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് സമരമെന്നും വീഡിയോയില്‍ പറയുന്നു.

'കോണ്‍ഗ്രസ് എത്രയും വേഗം ഇലക്ട്രല്‍ കോളേജ് കമ്മീഷനെ പ്രഖ്യാപിക്കണം. അവര്‍ക്ക് അന്വേഷണത്തിനും വിവരങ്ങള്‍ പുറത്തുകൊണ്ടു വരുന്നതിനുമുള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കണം.' എന്നാണ് സെനറ്റര്‍മാര്‍ സംയുക്തമായി ആവശ്യപ്പെട്ടത്.
സെനറ്റര്‍മാരെയും മാര്‍ച്ചിനെയും കൂട്ടിപ്പിടിച്ചുകൊണ്ട് അവസാന അങ്കത്തിന് ട്രംപ് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions