കൊറോണാ പ്രതിരോധം എങ്ങനെയായിരിക്കണമെന്ന് ലോകത്തിന് മുന്നില്‍ തെളിയിച്ചു ഇസ്രയേല്‍. ആഗോള വാക്‌സിന്‍ മത്സരത്തില്‍ മുന്നിലെത്തിയാണ് ഇസ്രയേല്‍ കൊറോണാവൈറസ് പോരാട്ടം മുന്നോട്ടു കൊണ്ടുപോകുന്നത്. സൈനിക സഹായത്തോടെ 24 മണിക്കൂര്‍ ഇമ്മ്യൂണൈസേഷനാണ് ഇസ്രയേല്‍ സംഘടിപ്പിക്കുന്നത്. ഇതിനകം ഏകദേശം 1.4 മില്ല്യണ്‍ പേര്‍ക്കാണ് എത്തിച്ചത്. ഫിസര്‍, ബയോഎന്‍ടെക് വാക്‌സിന്‍ ഉപയോഗിച്ച് മൂന്നാഴ്ച പോലും എടുക്കാതെയാണ് ഇത്രയും പേര്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കിയത്. തിങ്കളാഴ്ച മാത്രം ഏകദേശം ഒന്നര ലക്ഷം ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് ലഭ്യമാക്കി.
മറ്റ് രാജ്യങ്ങള്‍ മുന്‍ഗണനാ പട്ടികയില്‍ പെട്ടവര്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കുമ്പോള്‍ ഇസ്രയേല്‍ യുവാക്കളെയും ഇതില്‍ നിന്ന് ഒഴിവാക്കുന്നില്ല . വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് പുറത്ത് കാത്തുനിന്നാല്‍ ദിവസത്തില്‍ ബാക്കിവരുന്ന ഡോസുകള്‍ ഇവര്‍ക്ക് നല്‍കി പാഴായി പോകാതെ ശ്രദ്ധിക്കുന്നു. 20 മുതല്‍ 40 വരെ പ്രായമുള്ള ഒരു ലക്ഷത്തിലേറെ ഇസ്രയേലികള്‍ക്കാണ് ഈ വിധം വാക്‌സിന്‍ നല്‍കിയത്.
രാജ്യത്തെ 12 ശതമാനം ജനങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കാന്‍ ഇസ്രയേലിന് സാധിച്ചു.
ഫിസര്‍, ബയോഎന്‍ടെക് വാക്‌സിനാണ് ഇതുവരെ ഉപയോഗിച്ചിട്ടുള്ളതെങ്കിലും മോഡേണ, ആസ്ട്രാസെനക എന്നിവരുമായി ഇസ്രയേല്‍ കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. പ്രാന്തപ്രദേശങ്ങളിലും വാക്‌സിന്‍ എത്തിക്കാന്‍ സ്റ്റോക്ക് വിഭജിച്ച് നല്‍കിയാണ് അവിടെ പ്രവര്‍ത്തനം. കൂടാതെ ഓരോ വയലില്‍ നിന്നും അധിക ഡോസുകള്‍ നല്‍കാനും ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നു. രണ്ട് ഡോസ് വീതം ലഭിച്ചാല്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ മറികടക്കാന്‍ ഡിജിറ്റല്‍ ഗ്രീന്‍ പാസ്‌പോര്‍ട്ടുകള്‍ നല്‍കാനും ഇസ്രയേല്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ രണ്ട് മില്ല്യണ്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിയുമെന്ന് ഹെല്‍ത്ത് മിനിസ്ട്രി ഡയറക്ടര്‍ ജനറല്‍ ഹെസി ലെവി പറഞ്ഞു.
ഇറ്റലിയും, സ്‌പെയിനും, കാനഡയും കൂടി നല്‍കിയ ആകെ വാക്‌സിന്റെ എണ്ണം പോലും ഇത്രത്തോളം വരില്ല. യുഎസ് ജനസംഖ്യയില്‍ ഒരു ശതമാനത്തിന് പോലും ഇതുവരെ വാക്‌സിന്‍ ലഭിച്ചിട്ടില്ല.