വാഷിംഗ്ടണ്‍ : നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിച്ചു കൊണ്ടിരിക്കെ യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍. കാപ്പിറ്റോള്‍ മന്ദിരത്തിലെ അതിക്രമത്തിനിടെ നടന്ന വെടിവയ്പ്പില്‍ സ്ത്രീയടക്കം നാല് പേര്‍ മരിച്ചു. വെടിയേറ്റ് ഒരു സ്ത്രീ മരണപ്പെട്ടതിനു പിന്നാലെ മൂന്ന് പേര്‍ കൂടി ആശുപത്രിയില്‍ വെച്ച് മരിച്ചു. 52 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അറസ്റ്റിലായവരില്‍ നാലു പേര്‍ ലൈസന്‍സില്ലാതെ തോക്കുകള്‍ കൈവശം വെച്ചിരുന്നെന്ന് പൊലീസ് പറയുന്നു. രണ്ട് പൈപ് ബോംബുകള്‍ പൊലീസ് ഇതുവരെ കണ്ടെടുത്തു. ഡെമോക്രാറ്റിക് നാഷണല്‍ ഓഫീസില്‍ നിന്നാണ് ഒരു പൈപ് ബോംബ് കണ്ടെടുത്തത്. റിപബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ഓഫീസില്‍ നിന്നാണ് രണ്ടാമത്തെ ബോംബ് കണ്ടെത്തിയത്. ട്രംപ് അനുകൂലികളെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
സകല സുരക്ഷാ സന്നാഹങ്ങളും മറികടന്നു പ്രതിഷേധക്കാര്‍ അതിക്രമിച്ചു കടന്നതോടെ യുഎസ് കോണ്‍ഗ്രസിന്റെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ്.
യുഎസ് കോണ്‍ഗ്രസിന്റെ സഭകള്‍ ചേരുന്നതിനിടെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് സംഘടിച്ചു പുറത്തെത്തുകയും പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് ഇവര്‍ മന്ദിരത്തിനകത്തു കടന്നു.
പ്രതിഷേധക്കാരോടു സമാധാനം പാലിക്കാനും വീടുകളിലേക്ക് മടങ്ങാനും അഭ്യര്‍ഥിച്ച ട്രംപ് ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നു ആവര്‍ത്തിച്ചു. സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നു വിശേഷിപ്പിച്ച ജോ ബൈഡന്‍, പിന്‍വാങ്ങാന്‍ അനുകൂലികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടു.
സംഭവത്തെ ബ്രിട്ടന്‍ അപലപിച്ചു. ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന് വേണ്ടിയാണ് യുഎസ് നിലകൊള്ളുന്നതെന്നും സമാധാനപരമായും ചിട്ടയായും അധികാര കൈമാറ്റം നടത്തേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഇത് ജനാധിപത്യത്തിനെതിരായ നേരിട്ടുള്ള ആക്രമണമാണെന്ന് ലേബര്‍ നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. സ്‌കോട്ട് ലന്‍ഡിന്റെ ഫാസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ സംഭവങ്ങളെ തികച്ചും ഭയാനകമാണെന്ന് വിശേഷിപ്പിച്ചു.
നേരത്തെ, തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ പ്രസിഡന്റ് ട്രംപില്‍നിന്ന് സമ്മര്‍ദമുയര്‍ന്നെങ്കിലും യു.എസ്. കോണ്‍ഗ്രസില്‍ ജോ ബൈഡന്റെ വിജയം തടയാന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് തയ്യാറായിരുന്നില്ല.
തിരഞ്ഞെടുപ്പു ഫലം തള്ളിക്കളയാന്‍ പെന്‍സിന് അധികാരം നല്‍കണമെന്ന ട്രംപിന്റെ ആവശ്യം നേരത്തെ യുഎസ് അപ്പീല്‍ കോടതി നിരസിച്ചിരുന്നു. ഇലക്ടറല്‍ കോളേജ് സര്‍ട്ടിഫിക്കേഷന്‍ തടയാന്‍ പെന്‍സിനു മേല്‍ കടുത്ത സമ്മര്‍ദമാണ് ട്രംപ് ചെലുത്തുന്നത്. തട്ടിപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരെ പുറത്താക്കാന്‍ വൈസ് പ്രസിഡന്റിന് അധികാരമുണ്ടെന്നും പെന്‍സ് നമ്മുക്കുവേണ്ടി അതു ചെയ്യുമെന്നും ജോര്‍ജിയയില്‍ നടന്ന റാലിയില്‍ ട്രംപ് പറഞ്ഞിരുന്നു.
യുഎസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജോ ബൈഡനും വൈസ് പ്രസിഡന്റായി അധികാരത്തിലെത്തുന്ന കമല ഹാരിസിനെയും തടയാനുള്ള അവസാന ശ്രമമായിട്ടാണ് സംയുക്ത സമ്മേളനത്തെ പൊളിക്കാന്‍ ട്രംപിന്റെ അനുയായികള്‍ കാണുന്നത്.
ഇലക്ടറല്‍ വോട്ടുകള്‍ എണ്ണുന്നതിനുള്ള സംയുക്ത സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ്. ബൈഡന് വിജയം നല്‍കിയ സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ വോട്ടുകളെ എതിര്‍ക്കാനായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനം. ഇലക്ടറല്‍ വോട്ടുകളുടെ എണ്ണവും അതിന്റെ അടിസ്ഥാനത്തിലുള്ള അന്തിമഫലവും ഈ സമ്മേളനത്തിലാണ് പ്രഖ്യാപിക്കേണ്ടത്.