വാഷിംഗ്ടണ്‍: അമേരിക്കയിലെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കുള്ള നിരോധനം നീട്ടി. രണ്ടാഴ്ചയ്‌ത്തേക്ക് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.
പ്രസിഡന്‍ഷ്യല്‍ പദവി കൈമാറ്റം പൂര്‍ത്തിയാകുന്നത് വരെയാണ് നിലവില്‍ നിരോധനം.
'ഞങ്ങളുടെ സംവിധാനം ഉപയോഗിക്കുന്നതിന് അദ്ദേഹത്തെ അനുവദിക്കുന്നത് പ്രയാസമേറിയ ഒന്നാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ നിരോധനം ഞങ്ങള്‍ ദീര്‍ഘിപ്പിക്കുകയാണ്’, സുക്കര്‍ബര്‍ഗ് പറഞ്ഞു.
നേരത്തെ ട്രംപിന്റെ വീഡിയോ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നു. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ട്വിറ്റര്‍ ട്രംപിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി വലിയ ആക്രമണം നടന്നത്. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു സംഘര്‍ഷത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടു.
വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാദ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്തരം അഴിഞ്ഞാട്ടം നടക്കുന്നത്. ട്രംപിന്റെ പുതിയ ട്വീറ്റുകളും വീഡിയോയും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും ഫേസ്ബുക്കും യൂട്യൂബും ഇവ നീക്കം ചെയ്തിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തില്‍ ട്രംപിനെതിര രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍ രംഗത്തെത്തിയിരുന്നു.