വിദേശം

ഖഷോഗ്ജിയെ കൊല്ലാന്‍ പറഞ്ഞത് മുഹമ്മദ് ബിന്‍ സല്‍മാന്‍!; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബൈഡന്‍



വാഷിംഗ്ടണ്‍ : സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ ക്രൂരമായി കൊലപ്പെടുത്തിയത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുവാദത്തോടെയാണെന്ന യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് മുതല്‍ കൊലപാതകത്തിലെ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുമെന്ന സൂചനകളുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളെയെല്ലാം ശരിവെച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

പ്രസിഡന്റ് ജോ ബൈഡനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇസ്താംബുളില്‍ ഓപ്പറേഷന് അനുവാദം നല്‍കിയതും ഖഷോഗ്ജിയെ കൊല്ലുക അല്ലെങ്കില്‍ പിടിച്ചുകൊണ്ടുവരിക എന്നായിരുന്നു സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശമെന്നും റിപ്പോര്‍ട്ട് പറയുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ 2018ല്‍ നടന്ന ഈ കൊലപാതകം സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തനിക്കെതിരെ അഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നവരെ അക്രമാസക്തമായ വഴികളിലൂടെ നിശബ്ദരാക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ രീതികളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനോ സൗദിക്കോ എതിരെ അമേരിക്ക വിലക്കുകളോ മറ്റു നടപടികളോ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഖഷോഗ്ജി ആക്ട് എന്ന പുതിയ നിയമം അമേരിക്ക അവതരിപ്പിച്ചു.

മാധ്യമപ്രവര്‍ത്തകരെയോ എതിരഭിപ്രായം പുലര്‍ത്തുന്നവരെയോ അവരുടെ കുടുംബാംഗങ്ങളെയോ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഈ ആക്ട്. ഇതിന്റെ ഭാഗമായി 76 സൗദി പൗരന്മാരെ കരിമ്പട്ടികയില്‍ പെടുത്തി.

റിപ്പോര്‍ട്ടിനെതിരെ സൗദി രംഗത്തെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് തെറ്റാണെന്നും അതുകൊണ്ടു തന്നെ ഒരിക്കലും അംഗീകരിക്കില്ലെന്നുമാണ് സൗദി അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന വിവരങ്ങളെ സൗദി പൂര്‍ണ്ണമായും തള്ളി.

ഇസ്താംബുളില്‍ വെച്ചാണ് സൗദി ഏജന്റുമാര്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റും സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ജിയെ വെട്ടി നുറുക്കി കൊലപ്പെടുത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അനുവദിച്ചിരുന്നില്ല. എന്നാല്‍ ബൈഡന്‍ അധികാരത്തിലേറിയാല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടുമെന്ന് നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു.

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് മുതിര്‍ന്ന ഡെമോക്രാറ്റിക്ക് നേതാവും ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാനുമായ ആദം ഷിഫ് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്റില്‍ ഹൈന്‍സിന് ഇതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ കത്തയച്ചിരുന്നു.

ഖഷോഗ്ജിയുടെ മരണത്തില്‍ പങ്കുള്ള സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം പേരുകള്‍ വെളിപ്പെടുത്തുമെന്നും കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിടുമെന്നും ഹൈന്‍സ് പറഞ്ഞിരുന്നു. നേരത്തെയും കോണ്‍ഗ്രസ് ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് വിഷയത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിസമ്മതിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഇന്റലിജന്‍സ് സോഴ്സുകളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.

ഖഷോഗ്ജിയുടെ കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടതിന് ശേഷമാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്നും എന്നാല്‍ രാജ്യത്തിന്റെ നേതൃത്വത്തിന്റ അറിവില്ലാതെയാണ് കൊലപാതകം നടന്നത് എന്നും സൗദി പറഞ്ഞത്. ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര തലത്തിലും സൗദിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സൗദി രാജകുടുംബത്തെ രക്ഷിക്കാന്‍ ശ്രമിച്ചതും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

ട്രംപ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വഴി സൗദി അറേബ്യയുമായി അടുത്ത ബന്ധമായിരുന്നു നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ സൗദിയുമായി വിവിധ മേഖലകളിലുണ്ടായിരുന്ന പങ്കാളിത്തമടക്കമുള്ള വിഷയങ്ങള്‍ പുനപരിശോധിക്കുമെന്ന് ബൈഡന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം സൗദി ഭരണാധികാരി സല്‍മാന്‍ അബ്ദുള്ള അസീസിനെ പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions