വെല്ലിംഗ്ടണ്‍: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡില്‍ സുനാമി മുന്നറിയിപ്പ്. തീരദേശ മേഖലയില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് പ്രദേശവാസികളെ സര്‍ക്കാര്‍ നേതൃത്വത്തില്‍ സുരക്ഷയുടെ ഭാഗമായി ഒഴിപ്പിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 8.1, 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് വന്നത്.
ന്യൂസിലാന്‍ഡ് നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി( 'നെമ') ദേശീയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശ മേഖലയിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങണമെന്നും ഒരു കാരണവശാലും വീടുകളില്‍ തന്നെ തുടരരുത് എന്നും നെമ പറഞ്ഞു.
മൂന്ന് മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നേക്കാമെന്നും നെമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില തീരങ്ങളില്‍ അപകടകരമായ സുനാമി തരംഗങ്ങള്‍ പ്രവചിക്കപ്പെട്ടിട്ടുണ്ട്.
ദ്വീപിലെ തീരനിവാസികള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേപ് റണ്‍വേ മുതല്‍ ടൊലാഗ ബേ വരെ തീരത്തിനടുത്തുള്ള ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണ പസഫിക് ദ്വീപസമൂഹങ്ങളായ ന്യൂ കാലിഡോണിയ, വാനുവാടു എന്നിവടങ്ങളില്‍ അതിശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ജപ്പാന്‍, റഷ്യ, മെക്‌സിക്കോ, തെക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളുടെ തീരങ്ങളില്‍ ചെറിയ തിരമാലകള്‍ രൂപപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.