നയ്പിറ്റോ: ഭരണം പട്ടാളം പിടിച്ചതോടെ ആഭ്യന്തര കലാപം രൂക്ഷമായ മ്യാന്മറില് ജനക്കൂട്ടത്തിന് നേരെ വെടിവയ്ക്കുന്ന സംഭവം ആവര്‍ത്തിക്കപ്പെടുന്നുണ്ട്. അടുത്തിടെ 38 പേരെയാണ് സൈന്യം വെടിവച്ചു കൊന്നത്. സമാന രീതിയില്‍ ജനക്കൂട്ടത്തെ ലക്‌ഷ്യം വച്ച പട്ടാളത്തിന്റെ മുന്നില്‍ മുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്ന കന്യാസ്ത്രിയുടെ ചിത്രം ലോകമെങ്ങും വൈറലായി.
പട്ടാളക്കാര്‍ക്കും പ്രക്ഷോഭകരുടെയും മധ്യത്തിലായി നടുറോഡില്‍ മുട്ടുകുത്തി നില്ക്കുന്ന സിസ്റ്റര്‍ ആന്‍ റോസയുടെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമമാണ് പുറത്തുവിട്ടത്. ഞൊടിയിടകൊണ്ടു ഇത് ലോക ശ്രദ്ധ നേടി.
പ്രതിഷേധിക്കുന്ന മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞാണ് സ്വന്തം സുരക്ഷ അവഗണിച്ച് പട്ടാളത്തിന്റെ മുന്നലെത്തി യാചിച്ചതെന്നു സിസ്റ്റര്‍ ആന്‍ റോസ മാധ്യമങ്ങളോട് പറഞ്ഞു. മ്യാന്മറിലെ ഇപ്പോഴത്തെ സ്ഥിതി എത്ര സങ്കീര്‍ണ്ണമാണെന്നു വ്യക്തമാക്കുന്ന ചിത്രമായിരുന്നു ഇത്.