കവന്‍ട്രി : മലങ്കര കത്തോലിക്കാ സഭ യു കെ കോര്‍ഡിനേറ്റര്‍ റവ.ഡോ. കുര്യാക്കോസ് തടത്തില്‍ ഞായറാഴ്ച മൂന്ന് മണിക്ക് ബര്‍മിംങ്ഹാമിലുള്ള ഷെല്‍ഡന്‍ വി.തോമസ് മൂര്‍ ദേവാലയത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കും. കവന്‍ട്രി സെന്റ്. ജൂഡ് മിഷനില്‍ കുടുംബാംഗങ്ങള്‍ കുര്യാക്കോസ് അച്ചന്റെ പുതിയ ശുശ്രൂഷ മേഖലയിലേക്ക് ഹൃദ്യമായ വരവേല്‍പ് നല്‍കും.
മലങ്കര കത്തോലിക്കാ സഭയിലെ ആരാധനാ ക്രമ പണ്ഡിതന്‍മാരില്‍ പ്രമുഖനായ റവ.ഡോ.കുര്യാക്കോസ് തടത്തില്‍ കഴിഞ്ഞ മാസമാണ് സഭയുടെ യുകെ റീജിയന്റെ ചുമതലയില്‍ നിയമിതനായത്. റോമിലെ പ്രശസ്തമായ ഓര്‍യന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം തിരുവല്ല അതിരൂപതാ ചാന്‍സിലര്‍, മതബോധന ഡയറക്ടര്‍ മലങ്കര മേജര്‍ സെമിനാരി പ്രൊഫസര്‍ എന്നീ നിലകളില്‍ ഇതിനോടകം ശുശ്രൂഷ ചെയ്തു.
തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരി റെക്ടറായി ശുശ്രൂഷ നിര്‍വഹിക്കുന്നതിനിടയിലാണ് യുകെയിലെ സഭാ ശുശ്രൂഷകള്‍ക്കായി നിയോഗിതനായിരിക്കുന്നത്. ബര്‍മിംങ്ഹാം അതിരൂപതയിലെ ഷെല്‍ഡന്‍. സെന്റ്.തോമസ് മൂര്‍ ദേവാലയം കേന്ദ്രീകരിച്ചാണ് റവ.ഡോ.കുര്യക്കോസ് തടത്തില്‍ ശുശ്രൂഷ നിര്‍വ്വഹിക്കുന്നത്.
ഞായറാഴ്ച മൂന്ന് മണിക്ക് അര്‍പ്പിക്കുന്ന വി. കുര്‍ബ്ബാനയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിശ്വാസികള്‍ക്ക് സംബന്ധിക്കാവുന്നതാണ്.