വാഷിംഗ്ടണ്‍: കോവിഡ് വാക്‌സിന്റെ പേറ്റന്റ് അവകാശം ഉപേക്ഷിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തെ അനുകൂലിച്ചു യൂറോപ്യന്‍ യൂണിയനും ലോകാരോഗ്യ സംഘടനയും. എന്നാല്‍ ജര്‍മനിയും മരുന്നു കമ്പനി ഭീമന്‍മാരും പേറ്റന്റ് അവകാശം ഉപേക്ഷിക്കുന്നതിനെ എതിര്‍ത്തു രംഗത്തുവന്നിട്ടുണ്ട്.
പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ചിരിക്കുന്ന പേറ്റന്റ് ഉപേക്ഷിക്കല്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്നുവെന്നും ഇതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കാന്‍ തയ്യാറാണെന്നുമാണ് യുറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡേര്‍ ലെയന്‍ അറിയിച്ചത്.
അമേരിക്കയുടെ തീരുമാനത്തെ അഭിനന്ദിച്ചു കൊണ്ട് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനം രംഗത്തുവന്നിരുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ ചരിത്രനിമിഷമാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പേറ്റന്റ് അവകാശം വേണ്ടെന്നുവെയ്ക്കാനുള്ള അമേരിക്കയുടെ തീരുമാനം ആഗോള ആരോഗ്യ പ്രതിസന്ധികളെ നേരിടുമ്പോള്‍ ശക്തമായ നേതൃത്വം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വാക്സിന്‍ നിര്‍മ്മാണം ദ്രുതഗതിയില്‍ നടത്താനും കൂടുതല്‍ പേരിലേക്ക് വാക്സിന്‍ എത്തിക്കാനും സാധിക്കും. വാക്സിന്റെ വിലയിലും കുറവ് വരുമെന്നാണ് കണക്കുകൂട്ടലുകള്‍.
അതേസമയം ജര്‍മനി പേറ്റന്റ് ഉപേക്ഷിക്കാനുള്ള തീരുമാനത്തെ തള്ളുകയാണ് ചെയ്തിരിക്കുന്നത്. പേറ്റന്റ് അവകാശമല്ല, വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള സൗകര്യമില്ലാത്തതും ഗുണനിലവാരമുറപ്പാക്കാന്‍ സാധിക്കാത്തതുമാണ് വാക്‌സിന്‍ ക്ഷാമത്തിന് കാരണമെന്നാണ് ജര്‍മനിയുടെ നിലപാട്.
ലോകത്തിന് മുഴുവന്‍ വാക്‌സിന്‍ എത്തിക്കാനുള്ള ബൈഡന്റെ ആഗ്രഹത്തെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ജര്‍മന്‍ ആരോഗ്യ മന്ത്രി ജെന്‍സ് സ്പാന്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പേറ്റന്റ് അവകാശത്തെ സംരക്ഷിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
പേറ്റന്റ് ഒഴിവാക്കുന്നതിനെതിരെ മരുന്ന് നിര്‍മ്മാണ കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. ഭൗതികസ്വത്തവകാശം നിലനിര്‍ത്തിക്കൊണ്ട് തന്നെ ദരിദ്ര രാജ്യങ്ങളെ കൂടുതല്‍ ഉദാരമായി സഹായിക്കാന്‍ സമ്പന്ന രാഷ്ട്രങ്ങള്‍ തയ്യാറാകണമെന്നാണ് കമ്പനികള്‍ പ്രധാനമായും മുന്നോട്ടുവെയ്ക്കുന്ന ആവശ്യം.
നിലവില്‍ ചില വാക്സിനുകളുടെ പേറ്റന്റ് അവകാശം അമേരിക്ക കൈവശം വെച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ കമ്പനികള്‍ക്ക് വാക്സിന്‍ നിര്‍മ്മാണം സാധ്യമായിരുന്നില്ല. ഇത് കൊവിഡ് പ്രതിരോധ പോരാട്ടത്തില്‍ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. വിവിധ രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടിയിരുന്നു.