27 വര്‍ഷത്തെ ദാമ്പത്യമവസാനിപ്പിക്കാന്‍ ബില്‍ ഗേറ്റ്സും മെലിന്‍ഡയും അടുത്തിടെയാണ് തീരുമാനിച്ചതെങ്കിലും ഇവരുടെ വിവാഹബന്ധം 2 വര്‍ഷം മുമ്പേ തകര്‍ന്നിരുന്നുവന്നു റിപ്പോര്‍ട്ട്. ലൈംഗിക കുറ്റവാളിയായ അമേരിക്കക്കാരനായ ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബില്‍ ഗേറ്റ്സിനുള്ള ഇടപാടുകള്‍ മെലിന്‍ഡക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു എന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്നത്.
'വിവാഹബന്ധം പരിഹരിക്കാനാകാത്ത വിധം തകര്‍ന്നു' എന്ന് 56കാരിയായ മെലിന്‍ഡ അഭിപ്രായപ്പെട്ടതായി വാള്‍സ്ട്രീറ്റ് ജേണല്‍ അറിയിക്കുന്നു. 2019ല്‍ തന്നെ മെലിന്‍ഡ ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നവെന്നും, വിവാഹമോചന നടപടികള്‍ക്കായി തയ്യാറെടുക്കുകയായിരുന്നു എന്നുമാണ് സൂചനകള്‍. എന്നാല്‍ ബില്‍ ഗേറ്റ്സും എപ്സ്റ്റീനും തമ്മിലുള്ള ഇടപാടുകളെ ചൊല്ലി 2013 മുതല്‍ തന്നെ മെലിന്‍ഡ അസ്വസ്ഥയായിരുന്നു എന്ന് കുടുംബത്തോട് അടുപ്പമുള്ളവരെയും മറ്റു രേഖകളെയും ചൂണ്ടി കാട്ടി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
എപ്സ്റ്റീനുമായി ബില്‍ ഗേറ്റ്സ് പലതവണ കൂടിക്കാഴ്ച നടത്തിയെന്നും ന്യൂയോര്‍ക്കിലെ അയാളുടെ വസതിയില്‍ താമസിച്ചതായും ന്യൂയോര്‍ക്ക് ടൈംസ് 2019ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചകളത്രയും ഫിലാന്ത്രഫിയുമായി ബന്ധപെട്ടായിരുന്നുവെന്നാണ് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ വക്താവ് അന്ന് പറഞ്ഞത്. മനുഷ്യകടത്തും ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക് വിചാരണ കാത്തിരിക്കുന്നതിനിടെ 2019ല്‍ ജയിലില്‍ വച്ച് ജെഫ്രി എപ്‌സ്റ്റീന്‍ മരണപ്പെട്ടിരുന്നു. അമേരിക്കയിലെയും യുകെയിലെയും അടക്കം പല പ്രമുഖര്‍ക്കും ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധം ഉണ്ടായിരുന്നു.
ലോകത്തിലെ നാലാമത്തെ ധനികനും മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സില്‍ നിന്നും വിവാഹമോചനം തേടി ഭാര്യ മെലിന്‍ഡ ഗേറ്റ്‌സ് ആണ് രംഗത്തെത്തിയത്.
27 വര്‍ഷക്കാലത്തെ ദാമ്പത്യബന്ധം അവസാനിക്കുകയാണെന്ന് 65-കാരന്‍ ബില്‍ ഗേറ്റ്‌സും, 56-കാരി മെലിന്‍ഡയും ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. അഞ്ച് സ്റ്റേറുകളിലായുള്ള പ്രോപ്പര്‍ട്ടികള്‍, ഒരു സ്വകാര്യ ജെറ്റ്, വമ്പന്‍ ആര്‍ട്ട് കളക്ഷന്‍, ആഡംബര കാറുകളുടെ ശ്രേണി എന്നിങ്ങനെയുള്ള സമ്പത്തുകള്‍ പങ്കുവെയ്ക്കാനുള്ള എഗ്രിമെന്റില്‍ ഒപ്പിടാത്തതിനാല്‍ പോരാട്ടം കോടതിയില്‍ എത്തും. മെലിന്‍ഡയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്. ദമ്പതികളുടെ മൂത്ത മകള്‍ കുടുംബം വെല്ലുവിളി നിറഞ്ഞ സമയം നേരിടുന്നതായി വെളിപ്പെടുത്തിയതോടെയാണ് വാര്‍ത്ത പുറത്തുവന്നത്.
സ്വന്തം വികാരങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം കുടുംബാംഗങ്ങളെയും പിന്തുണയ്ക്കാനുള്ള ശ്രമത്തിലാണെന്ന് 25-കാരി ജെന്നിഫര്‍ ഗേറ്റ്‌സ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ജെന്നിഫറിനെ കൂടാതെ 21-കാരന്‍ റോറി, 18-കാരി ഫോബെ എന്നിവരും ദമ്പതികളുടെ മക്കളാണ്. വളരെയേറെ ചിന്തകള്‍ക്കും, പ്രവൃത്തികള്‍ക്കും ഒടുവിലാണ് വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് ബില്ലും, മെലിന്‍ഡയും സംയുക്ത പ്രഖ്യാപനത്തില്‍ അറിയിച്ചു.
1990കളുടെ ആദ്യ ഘട്ടത്തിലാണ് കോടീശ്വരനായ ബില്‍ മെലിന്‍ഡയെ വിവാഹം ചെയ്യുന്നത്. 1975ല്‍ മൈക്രോസോഫ്റ്റ് സ്ഥാപിച്ച ബില്‍ 1987-ല്‍ 31-ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി. സിഇഒ ആയി ബില്‍ സേവനം നല്‍കിയ കമ്പനിയില്‍ ജോലി ചെയ്യാനെത്തിയ മെലിന്‍ഡയെ കണ്ടുമുട്ടി ആറ് വര്‍ഷത്തിന് ശേഷമായിരുന്നു വിവാഹം.