ഗാസ: ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ഇടുക്കി സ്വദേശിനിയായ കെയര്‍ ടേക്കറുടെ മരണം ഞെട്ടലോടെയാണ് മലയാളി സമൂഹം ശ്രവിച്ചത്. ഇസ്രായേലില്‍ നിരവധി മലയാളി നഴ്‌സുമാരും കെയര്‍ ടേക്കര്‍മാരും ജോലിചെയ്യുന്നുണ്ട്. അവരും അവരുടെ നാട്ടിലെ കുടുംബങ്ങളും വലിയ ആശങ്കയിലാണ്. ഇന്നലെയാണ് റോക്കറ്റ് ആക്രമണത്തില്‍ ഇടുക്കി അടിമാലി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. ഇസ്രായെലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. കീരിത്തോട് സ്വദേശി സന്തോഷ് ജോസഫിന്റെ ഭാര്യയാണ്.
ഇസ്രായേലിലെ ഗാസ അഷ്ക്ക ലോണിലുള്ള വീട്ടില്‍ നിന്നും ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മിസൈല്‍ സൗമ്യയുടെ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതിശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വര്‍ഷമായി ഇസ്രായേലിലാണ്, രണ്ട് വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ സൗമ്യ നാട്ടില്‍ വന്നത്. ഏക മകന്‍ അഡോണ്‍ കുടുംബത്തോടൊപ്പം നാട്ടിലാണ്.
സൗമ്യയ്‌ക്കൊപ്പം ഇസ്രായേലിലുള്ള സന്തോഷിന്റെ സഹോദരിയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ഇസ്രായേല്‍ അംബാസിഡര്‍ക്ക് കത്തയച്ചു.
സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് ആണ് ഹമാസ് റോക്കറ്റ് പതിച്ചത്.വീട്ടിലുണ്ടായിരുന്ന സൗമ്യ പരിചരിച്ചുകൊണ്ടിരുന്ന വൃദ്ധയും കൊല്ലപ്പെട്ടു. വീട് പൂര്‍ണ്ണമായും തകരുകയും ചെയ്തു. ഇവരുടെ മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ പരിസരങ്ങളില്‍ ഇസ്രായേല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടുരുന്നു. മസ്ജിദുല്‍ അഖ്സ പരിസരത്തു നിന്ന് ഇസ്രായെല്‍ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ യുഎന്‍ നേതൃത്വത്തില്‍ ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്.