ന്യൂഡല്‍ഹി: ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജാഗ്രതയോടെ മുന്നോട്ട് പോകണം. ഇതിനായുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും വിശദാംശങ്ങള്‍ക്കുമായി +972549444120 എന്ന ഹെല്‍പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്. ഇസ്രായേലില്‍ നിരവധി മലയാളി നഴ്‌സുമാരും കെയര്‍ ടേക്കര്‍മാരും ജോലിചെയ്യുന്നുണ്ട്. അവരും അവരുടെ നാട്ടിലെ കുടുംബങ്ങളും വലിയ ആശങ്കയിലാണ്.
ഇസ്രായേലില്‍ ഹമാസിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കെയര്‍ ടേക്കര്‍ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി. എത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. സൗമ്യയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്ത്യക്കാര്‍ക്കായി ഹെല്‍പ് ഡെസ്‌ക് തുറന്നുകൊണ്ടുള്ള നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തിയിരിക്കുന്നത്. ലോക്കല്‍ അതോറിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കിക്കൊണ്ട് അധികൃതര്‍ മുന്നോട്ട് വെയ്ക്കുന്ന മുന്നറിയിപ്പുകള്‍ പാലിച്ചുകൊണ്ട് സുരക്ഷിതമായ ഷെല്‍റ്ററുകളിലേക്കും മറ്റും പോകണമെന്നും എംബസി നിര്‍ദ്ദേശിക്കുന്നു.
സംശയനിവാരണങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഹെല്‍പ് ലൈന്‍ നമ്പരായ +972549444120 എന്നതിലേക്കോ, cons1.telaviv@mea.gov.in എന്ന മെയില്‍ ഐഡിയിലേക്ക് ഒരു സന്ദേശം അയച്ചാല്‍ മതിയെന്നും എംബസി വ്യക്തമാക്കി. എന്താവശ്യമുണ്ടെങ്കിലും ഇന്ത്യന്‍ എംബസി വിവരങ്ങളും വിശദാംശങ്ങളും നല്‍കാന്‍ തയ്യാറാണെന്നും ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷയില്‍ ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ, ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാല്‍ ഇന്ത്യയിലേക്കുള്ള മടക്കയാത്ര സാധ്യമല്ലാതെ നിരവധിപേരാണ് ഇസ്രായേലില്‍ കുടുങ്ങി കിടക്കുന്നത്.
ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
ഇസ്രായെലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്. കീരിത്തോട് സ്വദേശി സന്തോഷ് ജോസഫിന്റെ ഭാര്യയാണ്.
ഇസ്രായേലിലെ ഗാസ അഷ്ക്ക ലോണിലുള്ള വീട്ടില്‍ നിന്നും ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മിസൈല്‍ സൗമ്യയുടെ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതിശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വര്‍ഷമായി ഇസ്രായേലിലാണ്, രണ്ട് വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ സൗമ്യ നാട്ടില്‍ വന്നത്. ഏക മകന്‍ അഡോണ്‍ കുടുംബത്തോടൊപ്പം നാട്ടിലാണ്.
സൗമ്യയ്‌ക്കൊപ്പം ഇസ്രായേലിലുള്ള സന്തോഷിന്റെ സഹോദരിയാണ് മരണവാര്‍ത്ത വീട്ടില്‍ അറിയിച്ചത്. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ഇസ്രായേല്‍ അംബാസിഡര്‍ക്ക് കത്തയച്ചു.
സൗമ്യ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് ആണ് ഹമാസ് റോക്കറ്റ് പതിച്ചത്.വീട്ടിലുണ്ടായിരുന്ന സൗമ്യ പരിചരിച്ചുകൊണ്ടിരുന്ന വൃദ്ധയും കൊല്ലപ്പെട്ടു. വീട് പൂര്‍ണ്ണമായും തകരുകയും ചെയ്തു.