വിദേശം

ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ 17കാരിക്ക് പുലിറ്റ്‌സര്‍ പ്രൈസ്



വാഷിംഗ്ടണ്‍: കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ അമേരിക്കന്‍ പോലീസ് വാഹനത്തിനടിയിലിട്ടു ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ലോകത്തെ കാണിച്ച 17കാരി ഡാര്‍നല്ല ഫ്രേസിയര്‍ക്ക് പുലിറ്റ്‌സര്‍ പ്രൈസില്‍ പ്രത്യേക അവാര്‍ഡ്. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകം വീഡിയോയില്‍ പകര്‍ത്താന്‍ ധീരത കാണിച്ചതിനാണ് ഡാര്‍നല്ലയെ ആദരിക്കുന്നതെന്ന് പുലിറ്റ്‌സര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

പൊലീസ് അനീതിക്കെതിരെ പ്രതിഷേധത്തിന് കാരണമായ ഈ വീഡിയോ നീതിക്കും സത്യത്തിനും വേണ്ടിയുള്ള മാധ്യമപ്രവര്‍ത്തനത്തില്‍ സാധാരണ പൗരന്മാരുടെ പ്രാധാന്യം വിളിച്ചോതുന്നതാണെന്നും അവാര്‍ഡ് പ്രഖ്യാപനത്തില്‍ പറയുന്നു.

അമേരിക്കന്‍ നഗരമായ മിനപോളിസില്‍ വെച്ച് 2020 മെയ് 25നാണ് ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്ളോയിഡിനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. തന്റെ ജീവനുവേണ്ടി അപേക്ഷിക്കുന്ന ഫ്‌ളോയിഡിന്റെ കരച്ചിലും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പോലീസ് വിരട്ടുന്നതും ഒടുക്കം ഫ്‌ളോയിഡിന്റെ മരണവും ഡാര്‍നല്ല ഫ്രേസിയറുടെ വീഡിയോയിലൂടെയാണ് ലോകം നടുക്കത്തോടെ അറിഞ്ഞത്.

പതിനേഴുകാരിയായ ഡാര്‍നല്ല ഫ്രേസിയര്‍ ഈ ദൃശ്യങ്ങള്‍ തന്റെ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഫ്ളോയിഡിന്റെ കൊലപാതകത്തെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക സാക്ഷിയായത്.

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധം അമേരിക്കയിലെ വിവിധ നഗരങ്ങളിലേക്കും ലോകം മുഴുവനും പടര്‍ന്നുപ്പിടിച്ചു. ഡാര്‍നല്ല ഫ്രേസിയര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ജോര്‍ജ് ഫ്‌ളോയ്ഡ് സംഭവം പുറത്തെത്തിച്ചതും വംശീയതക്കെതിരെ വലിയ പ്രതിഷേധത്തിനും കാരണമായത്.

അതേസമയം, ജോര്‍ജ് ഫ്‌ളോയ്ഡിന് വേണ്ടി കൂടുതലൊന്നും ചെയ്യനാകാത്തതില്‍ മാപ്പ് അപേക്ഷിച്ചു കൊണ്ടാണ് തന്റെ ഓരോ ദിവസവും കടന്നുപോകുന്നതെന്ന് ഡാര്‍നല്ല പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായി പൊലീസുകാരെ പിടിച്ചുമാറ്റുകയോ മറ്റെന്തെങ്കിലുമോ ചെയ്യാനാകാത്തതില്‍ അതിയായ വേദനയുണ്ടെന്നും ഡാര്‍നല്ല പറഞ്ഞിരുന്നു. എന്നാല്‍ ഡാര്‍നല്ലെയുടെ വീഡിയോ പ്രതിഷേധങ്ങള്‍ക്ക് മാത്രമല്ല, കോടതിയില്‍ കേസിലും നിര്‍ണ്ണായകമാവുകയായിരുന്നു.

പ്രതിഷേധം ശക്തമായതോടെ ഡെറക് ചൗവിനെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. ടൗ താവോ, ജെ അലക്‌സാണ്ടര്‍ കുവെങ്, തോമസ് കെ ലെയ്ന്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍. ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് ഫ്ളോയിഡിനെ അറസ്റ്റ് ചെയ്തത്.

മെയ് മാസത്തില്‍ കോടതി ചൗവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അമേരിക്കയിലെ മാധ്യമപ്രവര്‍ത്തന രംഗത്തെ ഏറ്റവും പ്രശസ്തമായ പുരസ്‌കാരമാണ് പുലിറ്റ്‌സര്‍ പ്രൈസ്. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത ദ സ്റ്റാര്‍ ട്രിബ്യൂണാണ് ബ്രേക്കിംഗ് ന്യൂസ് വിഭാഗത്തില്‍ പുലിറ്റ്‌സര്‍ നേടിയത്.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions