കോവിഡിന്റെ ഡെല്‍റ്റ വകഭേദം ഇന്ത്യടക്കമുള്ള രാജ്യങ്ങളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ കോവിഡിന്റെ ഏറ്റവും പുതിയ വകേഭദം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ലാംബ്ഡ വകഭേദത്തെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനോടകം 29 രാജ്യങ്ങളില്‍ ലാംബ്ഡ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോര്യ സംഘടന വ്യക്തമാക്കുന്നു. അര്‍ജന്റീന, ചിലി ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് പുതിയ വകേഭദം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെറുവിലാണ് ആദ്യം ലാംബ്ഡ വകഭേദം സ്ഥിരീകരിച്ചത്.
ഉയര്‍ന്ന രോഗ വ്യാപന സാധ്യത, ആന്റിബോഡികള്‍ പ്രതിരോധിക്കാനുള്ള സാധ്യത എന്നീ മാറ്റങ്ങളോടെയാണ് പുതിയ വകഭേദം എത്തിയിരിക്കുന്നത്. പെറുവില്‍ കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 81 ശതമാനവും ലാബ്ഡ വകഭേദമാണ്. ചിലിയില്‍ കഴിഞ്ഞ 60 ദിവസത്തിടയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 32 ശതമാനവും ഈ വകഭേദം തന്നെയാണ്.
രാജ്യങ്ങളിലെ കോവിഡ് സൂമഹവ്യാപനത്തില്‍ കൂടുതലായും ലാംബ്ഡ വകഭേദമാണ് റിപ്പോര്‍ട്ട് ചെയ്യുന്നെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അടുത്തിടെയായി ഉയര്‍ന്ന രോഗ വ്യാപന നിരക്ക് രേഖപ്പെടുത്തുന്നുണ്ട്. ലാംബ്ഡ വകഭേദമാണ് ഇതിന് കാരണമാവുന്നതെന്നാണ് സൂചന. പുതിയ വകഭേദം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. ഇത് മൂന്നാം തരംഗത്തിന് കാരണമാകുമോയെന്നു ആശങ്കയുണ്ട്.
മഹാരാഷ്ട്രയില്‍ നാല് ആഴ്ചകള്‍ക്കുള്ളില്‍ കോവിഡ് മൂന്നാം തരംഗം അതിഗുരുതരമായി വ്യാപിക്കുമെന്നു സംസ്ഥാന ടാസ്‌ക് ഫോഴ്സ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കുട്ടികളേക്കാന്‍ മധ്യവര്‍ഗത്തേയും ദരിദ്രരേയും ആകും രോഗം കീഴടക്കുക. മൂന്നാം തരംഗത്തിനായുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഭാഗമായിരുന്നു ഈ മുന്നറിയിപ്പ്.
യോഗത്തില്‍ അവതരിപ്പിച്ച കണക്കുകള്‍ അനുസരിച്ച്, മൂന്നാം തരംഗത്തിലെ ആകെ കേസുകളുടെ എണ്ണം രണ്ടാം തരംഗത്തിലേതിനേക്കാള്‍ ഇരട്ടിയാകും. ആദ്യ തരംഗത്തില്‍ 19 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ഇത് രണ്ടാം തരംഗത്തില്‍ 40 ലക്ഷമായി ഉയര്‍ന്നു. രണ്ടാംതരംഗം അവസാനിച്ച് നാലാഴ്ചയ്ക്കുള്ളില്‍ യു.കെയ്ക്ക് മൂന്നാംതരംഗത്തെ നേരിടേണ്ടി വന്നു. നമ്മളും സമാന അവസ്ഥയിലെത്തിയേക്കുമെന്ന് ടാസ്‌ക് ഫോഴ്സ് അംഗം ഡോ. ശശാങ്ക് ജോഷി പറഞ്ഞു.