മോസ്‌കോ: റഷ്യയിലെ ഉറാള്‍ നഗരത്തിലെ പേം യൂണിവേഴ്സ്റ്റിയില്‍ വിദ്യാര്‍ത്ഥി നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് എട്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നും ഏകദേശം 800 മൈല്‍ അകലെയാണ് സംഭവം നടന്നത്. പൊലീസെത്തി കീഴ്‌പ്പെടുത്തിയ ശേഷമാണ് രംഗം ശാന്തമായത്.
വെടിവെപ്പ് നടത്തിയ ആളിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി തന്നെയാണ് വെടിവെപ്പ് നടത്തിയതെന്ന് റഷ്യയുടെ ഔദ്യോഗിക അന്വേഷണ സംഘം പറഞ്ഞു. കാമ്പസിനുള്ളില്‍ പ്രവേശിച്ച് തുരുതുരെ അക്രമി വെടിവയ്ക്കുയായിരുന്നു. ഭീകരാക്രമണം ആണോ എന്നു വ്യക്തമല്ല. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാള്‍ക്കു പരുക്കേറ്റതായും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിവെപ്പില്‍ നിന്ന് രക്ഷപ്പെടാനായി വിദ്യാര്‍ത്ഥികള്‍ കാമ്പസ് കെട്ടിടത്തിന്റെ ജനലിലൂടെ ചാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. റഷ്യയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ റെന്‍ ടി.വിയാണ് ഫൂട്ടേജ് പുറത്തു വിട്ടത്.