വത്തിക്കാന്‍ സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. പേപ്പല്‍ ഹൗസിലെ ലൈബ്രറിയിലാണ് ചര്‍ച്ചനടന്നത്. ചര്‍ച്ച ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയ്ക്കു ശേഷം മോദി വത്തിക്കാനില്‍ നിന്ന് മടങ്ങി. വത്തിക്കാന്റെ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയാത്രോ പരോളിനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വളരെ സ്വകാര്യമായായിരുന്നു കൂടിക്കാഴ്ച. കോവിഡ് 19 അടക്കം ആഗോള വിഷയങ്ങള്‍ മാര്‍പാപ്പയുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തതായാണ് വിവരം.
ഇന്ത്യന്‍ സമയം 12 മണിയോടെ വത്തിക്കാന്റെ അപ്പസ്‌തോലിക അരമനയിലെത്തിയ മോദിയെ ഗാര്‍ഡ് ഓഫ് നല്‍കി സ്വീകരിച്ചു. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍, സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും മോദിക്കൊപ്പമുണ്ടായിരുന്നു.
കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതിനിധിതല ചര്‍ച്ചയും നടന്നു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്നതു മാത്രമല്ല, വത്തിക്കാന്റെ രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ വളരെ പ്രധാന്യമുള്ളതാണ് ഇരുവരുടെയും കൂടിക്കാഴ്ച.
22 വര്‍ഷത്തിനു ശേഷമാണ് ഒരു പ്രധാനമന്ത്രിയും മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തുന്നത്. വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് മോദി.
മോദിക്ക് മുമ്പ് പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റു(1955), ഇന്ദിരാഗാന്ധി(1986), ഐ കെ ഗുജ്റാള്‍(1997), അടല്‍ ബിഹാരി വാജ്പേയി(2000) എന്നിവര്‍ വത്തിക്കാനില്‍ അന്നത്തെ മാര്‍പാപ്പമാരെ കണ്ടിരുന്നു.