ഡാലസ്: അമേരിക്കയിലെ ഡാലസില്‍ മലയാളി ഷോപ്പുടമയെ വെടിവച്ചുകൊന്നത് 15 വയസുകാരന്‍ ആണെന്ന് പോലീസ്. പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്.
മോഷണശ്രമത്തിനിടെയാണ് കൊലപാതകം. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയില്‍ ഗാലോവെയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിയിരുന്ന സാജന്‍ മാത്യൂസ് (56- സജി) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം ഒരു മണിയോടെ കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടയില്‍ കൗണ്ടറില്‍ ഉണ്ടായിരുന്ന സജിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം അക്രമി ഓടി രക്ഷപ്പെട്ടിരുന്നു. വെടിവെപ്പ് നടന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സജിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യൂസ് 2005 ല്‍ കുവൈത്തില്‍ നിന്നാണ് അമേരിക്കയില്‍ എത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്. ഡാലസ് പ്രസ്ബിറ്റിരിയന്‍ ഹോസ്പിറ്റലിലെ നഴ്‌സ് മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
മസ്‌കിറ്റില്‍ അടുത്തിടെയാണ് മലയാളികള്‍ പാര്‍ട്ണര്‍മാരായി സാജന്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ആരംഭിച്ചത്.