അലബാമ: യുഎസിലെ അലബാമ സ്റ്റേറ്റ് തലസ്ഥാനമായ മോണ്ട്ഗോമറിയില്‍ റങ്ങിക്കിടന്ന മലയാളി പെണ്‍കുട്ടിയെ വെടിവച്ചുകൊന്നു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് മരിച്ചത്. വീടിനു മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച് ഉറങ്ങുകയായിരുന്ന മറിയം സൂസന്‍ മാത്യുവിന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു.
തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ ബോബന്‍ മാത്യൂവിന്റെയും ബിന്‍സിയുടെയും മകളാണ്. ബിമല്‍, ബേസല്‍ എന്നിവര്‍ സഹോദരങ്ങളാണ്.
പോലിസ് അധികാരികളില്‍ നിന്ന് മൃതുദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയില്‍ പൊതുദര്‍ശനത്തിനും സംസ്‌കാര ശുശ്രൂഷകള്‍ക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകുവാനുനുള്ള ക്രമീകരണങ്ങള്‍ നടത്തിവരുന്നു.
നിരണം വടക്കുംഭാഗം സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകാംഗമായ ബോബന്‍ മാത്യൂ മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗണ്‍സില്‍ അംഗമാണ്.
കഴിഞ്ഞയാഴ്ചയാണ് ഡാലസില്‍ മലയാളി ഷോപ്പുടമയെ 15 വയസുകാരന്‍ വെടിവച്ചുകൊന്നത്. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയില്‍ ഗാലോവെയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിയിരുന്ന സാജന്‍ മാത്യൂസ് (56- സജി) ആണ് കൊല്ലപ്പെട്ടത്.