യുകെ മലയാളികള്‍ക്ക് നടുക്കിയ സംഭവമായിരുന്നു ഗ്ലോസ്റ്ററില്‍ മലയാളി കുടുംബങ്ങള്‍ വാഹനാപകടത്തില്‍പ്പെട്ടത്. സ്റ്റുഡന്റസ് വിസയിലെത്തിയ രണ്ടു കുടുംബങ്ങളുടെ വേദനയില്‍ മലയാളി സമൂഹം ഒന്നാകെ പങ്കുചേര്‍ന്നു. രണ്ടു കുടുംബങ്ങളുടെ സ്വപ്നങ്ങളെല്ലാം ബാക്കി വച്ച് അകാലത്തില്‍ വിട്ടുപിരിഞ്ഞ ബിന്‍സ് രാജന്‍ (31), അര്‍ച്ച നിര്‍മ്മല്‍ (24) എന്നിവരുടെ വിയോഗം ഉണ്ടാക്കിയ യുകെയിലെ മലയാളി സമൂഹത്തിനൊപ്പം ഇംഗ്ലീഷുകാര്‍ ഉള്‍പ്പടെയുള്ള വരും നെഞ്ചിലേറ്റിയപ്പോള്‍ മൂന്ന് ദിവസം കൊണ്ട് സഹായ നിധിയിലേക്ക് ഒഴുകിയെത്തിയ തുക 70155 പൗണ്ട് ആണ്. സഹായിച്ച സുമനസുകളുടെ മുന്നില്‍, വേര്‍പിരിഞ്ഞു പോയവരുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളോടും സ്‌നേഹിതരോടുമൊപ്പം യുക്മ ദേശീയ സമിതിയും, ലൂട്ടണ്‍ കേരളൈറ്റ്‌സ് അസോസിയേഷനും നന്ദി രേഖപ്പെടുത്തി.
ബിന്‍സ് , അര്‍ച്ച എന്നിവരുടെ ഭൗതിക ശരീരങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കാനുള്ള കാര്യങ്ങള്‍ ചെയ്തു വരുന്നു. യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍, നോര്‍ക്ക തുടങ്ങിയ ഗവണ്‍മെന്റ് സംവിധാനങ്ങളും ഇക്കാര്യത്തില്‍ യുക്മയ്ക്ക് ശക്തമായ പിന്തുണ നല്‍കി വരുന്നു.
വേര്‍പിരിഞ്ഞു പോയവരുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം അവരുടെ അനുമതിയോടെ ആരംഭിച്ച ഫണ്ട് ശേഖരണം മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കുവാനുള്ള മുന്‍ തീരുമാനപ്രകാരമാണ് ലക്ഷ്യം വച്ചിരുന്ന തുകയായ 70000 പൂര്‍ത്തിയാക്കിയപ്പോള്‍ വെള്ളിയാഴ്ച രാത്രി തന്നെ അവസാനിപ്പിച്ചത്. പൊതു സമൂഹത്തില്‍ നിന്നും മൂന്ന് ദിവസവും ലഭിച്ച എണ്ണിയാലൊടുങ്ങാത്ത ഫോണ്‍ വിളികളിലെല്ലാം ഫണ്ട് ശേഖരണം നീട്ടിക്കൊണ്ടു പോകണമെന്ന അഭ്യര്‍ത്ഥനയായിരുന്നു. മുന്‍ നിശ്ചയപ്രകാരം മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാന്‍ യുക്മ ദേശീയ സമിതി, ലൂട്ടണ്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി ആലോചിച്ച് സംയുക്തമായാണ് ഈ തീരുമാനം എടുത്തത്.
ഫണ്ട് ശേഖരണം ആരംഭിച്ചപ്പോള്‍ നിശ്ചയിച്ചിരുന്ന തുക പൊതുസമൂഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഉയര്‍ത്തേണ്ടി വന്നിരുന്നു. വിവിധ പ്രസ്ഥാനങ്ങള്‍ അവരവരുടെ സംഘടനാംഗങ്ങളില്‍ നിന്നും ശേഖരിച്ച തുക കൂടി പൊതു ഫണ്ടിലേക്ക് നിക്ഷേപിക്കാന്‍ അവസരമൊരുക്കണമെന്ന് വിവിധ സംഘടനാ നേതൃത്വങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഇപ്രകാരം ഫണ്ട് ശേഖരിച്ച ഐ.എം.എ ബാന്‍ബറി, ഡി.എം.എ ഡോര്‍സെറ്റ്, സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ തുടങ്ങിയ യുക്മ അംഗ അസോസിയേഷനുകള്‍ക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
യുക്മ ദേശീയ സമിതി അംഗ അസോസിയേഷനായ ലൂട്ടണ്‍ കേരളൈറ്റ് അസോസിയേഷനുമായി കൂടിയാലോചിച്ച് ആരംഭിച്ച ഫണ്ട് ശേഖരണം എല്ലാ അംഗ അസോസിയേഷനുള്ളിലേക്കും മെയില്‍ മുഖാന്തിരം എത്തിക്കുകയായിരുന്നു. യുക്മയുടെ പോഷക സംഘടനകള്‍ ഉള്‍പ്പെടുന്ന സംഘടനാ സംവിധാനം കൃത്യമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിച്ചാണ് ഫണ്ട് ശേഖരണം വിജയിപ്പിച്ചത്. ഇക്കാര്യത്തിന് യു കെയിലെ പൊതു സമൂഹവും, യുക്മ സഹയാത്രികരും, മറ്റ് സംരംഭകരും കലവറയില്ലാത്ത പിന്തുണ നല്‍കുകയായിരുന്നു. കൂടാതെ നിരവധിയായ സ്ഥാപനങ്ങളും വ്യക്തികളും ആത്മാര്‍ത്ഥമായി ഇക്കാര്യത്തില്‍ സഹകരിച്ചിട്ടുണ്ട്. മലയാള പത്രമാധ്യമങ്ങള്‍, സണ്‍ തുടങ്ങിയ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവരോടും യുക്മ നന്ദി അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ഗ്ലോസ്റ്ററിന് സമീപം ചെല്‍റ്റന്‍ഹാമിലുണ്ടായ കാറപകടത്തില്‍ ആണ് എറണാകുളം മൂവാറ്റുപുഴയ്ക്ക് സമീപം കുന്നയ്ക്കാല്‍ സ്വദേശി ബിന്‍സ് രാജന്‍ (32), കൊല്ലം സ്വദേശി അര്‍ച്ച നിര്‍മ്മല്‍ എന്നിവര്‍ മരണമടഞ്ഞത്. കൂട്ടുകാരായ ബിന്‍സും നിര്‍മലും കുടുംബസമേതം ഓക്‌സ്‌ഫോഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. മുന്നില്‍ പോയ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ എതിരെ വന്ന ലോറിയുമായുള്ള കൂട്ടിയിടിയില്‍ ഡ്രൈവറുടെ ഭാഗത്തുണ്ടായ ശക്തമായ ആഘാതമാണ് ബിന്‍സ് രാജിനെയും അതേ വശത്തു പാസഞ്ചര്‍ സീറ്റില്‍ ഇരുന്ന അര്‍ച്ചനയുടെയും ജീവനെടുത്തത് എന്നാണ് ലഭ്യമാകുന്ന വിവരം.
ബിന്‍സ് രാജന്‍ -അനഘ ദമ്പതികളുടെ കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടനില തരണം ചെയ്തു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലാണ് ബിന്‍സ് രാജന്‍ ഭാര്യ അനഖയും രെു വയസുള്ള കുട്ടിയുമൊത്ത് യുകെയിലെത്തിയത്. അര്‍ച്ച ഭര്‍ത്താവ് നിര്‍മ്മലുമൊന്നിച്ച് പഠനത്തിനാണ് യു കെയിലെത്തിയത്. അനഘയും, അര്‍ച്ചയും ലൂട്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ്. യൂണിവേഴ്സിറ്റി പഠനത്തിന് ഒപ്പം ലൂട്ടനിലെ മലയാളി നേഴ്സിങ് കെയര്‍ ഏജസിയില്‍ ഇവര്‍ ജോലിയും ചെയ്തിരുന്നു.