വിദേശം

റഷ്യന്‍ സേന യുക്രൈനെ വളയുന്നു; യുദ്ധഭീതിയില്‍ യൂറോപ്പ്‌

ബ്രസല്‍സ്‌: യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യയുടെ സൈനിക നീക്കവും കിഴക്കന്‍ യൂറോപ്പിലേക്കു നാറ്റോ സൈനിക സഖ്യം കൂടുതല്‍ പടക്കപ്പലുകളും പോര്‍വിമാനങ്ങളും അയക്കുകയും ചെയ്തതോടെ യുദ്ധഭീതിയില്‍ യൂറോപ്പ്‌. അധിനിവേശം നടത്തുമെന്ന അഭ്യൂഹം റഷ്യ നിഷേധിക്കുന്നുണ്ടെങ്കിലും നീക്കം നേരിടാന്‍ തയാറെടുക്കുകയാണ്‌ യൂറോപ്പ്‌. യുക്രൈന്‍ അതിര്‍ത്തിക്കു തൊട്ടടുത്ത്‌ ഒരു ലക്ഷത്തോളം സൈനികരെയാണു റഷ്യ വിന്യസിച്ചിരിക്കുന്നത്‌.

റഷ്യന്‍ ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ യുക്രൈന്‍ എംബസിയിലെ സ്‌റ്റാഫിനെയും ആശ്രിതരെയും പിന്‍വലിക്കുകയാണെന്നു ബ്രിട്ടന്‍ വ്യക്‌തമാക്കി. നയതന്ത്രപ്രതിനിധികളുടെ കുടുംബാംഗങ്ങളോടു യുക്രൈന്‍ വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു. റഷ്യയുടെ സൈനികനീക്കം ഏതു സമയവും ഉണ്ടാകാമെന്നു യു.എസ്‌. എംബസി വാര്‍ത്താക്കുറുപ്പില്‍ വ്യക്‌തമാക്കി. അത്തരമൊരു സന്ദര്‍ഭമുണ്ടായാല്‍ അമേരിക്കന്‍ പൗരന്മാരെ ഒഴിപ്പിക്കാനാകുന്നസാഹചര്യത്തിലായിരിക്കില്ല അധികൃതര്‍ക്കെന്നും അതനുസരിച്ചു യുക്രൈനിലുള്ള അമേരിക്കന്‍ പൗരന്മാര്‍ മുന്‍കരുതലെടുക്കണമെന്നും എംബസി നിര്‍ദേശിച്ചു. കീവിലുള്ള യു.എസ്‌. എംബസിയിലെ നയതന്ത്ര പ്രതിനിധികള്‍ക്ക്‌ ആഗ്രഹിക്കുന്ന പക്ഷം മടങ്ങാമെന്നും അവര്‍ വ്യക്‌തമാക്കി.

യുക്രൈന്‍ നാറ്റോ സൈനിക സഖ്യത്തിന്റെ ഭാഗമാകാന്‍ പാടില്ലെന്നും ശീതയുദ്ധകാലത്തിനുശേഷം നാറ്റോയുടെ ഭാഗമായ കിഴക്കന്‍ യൂറോപ്പിലെ മുന്‍ കമ്യൂണിസ്‌റ്റ്‌ രാജ്യങ്ങളില്‍നിന്നു സൈനികരെയും ആയുധങ്ങളും പിന്‍വലിക്കണമെന്നുമുള്ള റഷ്യയുടെ നിബന്ധനകളാണു നിലവിലെ സംഘര്‍ഷത്തിന്റെ കാരണം. ഈ ആവശ്യങ്ങളോട്‌ അനുകൂലമായി പ്രതികരിക്കാത്ത അമേരിക്ക ആയുധ നിയന്ത്രണവും മിസൈല്‍ വിന്യാസവും അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചയാകാം എന്ന നിലപാടിലാണ്‌. തങ്ങളുടെ ആവശ്യങ്ങളില്‍ രേഖാമൂലമുള്ള ഉറപ്പ്‌ ഈയാഴ്‌ച ഉണ്ടാകണമെന്നാണ്‌ റഷ്യന്‍ നിലപാട്‌.
കഴിഞ്ഞ വെള്ളിയാഴ്‌ച നടന്ന യു.എസ്‌-റഷ്യ ചര്‍ച്ച കാര്യമായ പുരോഗതിയുണ്ടാക്കിയിരുന്നില്ല.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions