കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെയാണ് ആശുപത്രിയിലെ സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ജിയറാം ജിലോട്ട് കഴിഞ്ഞിരുന്ന സെല്ലില്‍ മറ്റ് രണ്ടു പേര്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ ഇന്നലെ വൈകിട്ട് അടിപിടി ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. കട്ടിലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് രണ്ടു പേരെയും രണ്ടു സെല്ലിലേക്ക് അധികൃതര്‍ മാറ്റിയിരുന്നു. രാവിലെ അഞ്ചരയോടെ സെല്ലില്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയ ജീവനക്കാരാണ് ജിയറാം ജിലോട്ടിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിനെ തേടി തലശ്ശേരിയില്‍ എത്തിയ ജിയറാം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി 28നാണ് പോലീസ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടം പരിശോധനക്കായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.