പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഭര്‍തൃമാതാവിനെ യാത്രയാക്കാനെത്തിയ യുവതി ടെയിനില്‍ നിന്ന് വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂര്‍ ചിറ സ്വദേശിനി അനു ഓമനക്കുട്ടന്‍ (32) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ശബരി എക്സ്പ്രസിന് അടിയില്‍പെട്ടാണ് മരണം. ശബരി എക്സ്പ്രസില്‍ ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഭര്‍തൃമാതാവിന്‌റെ ലഗേജ് കമ്പാര്‍ട്ടുമെന്റിന് ഉള്ളില്‍ എത്തിച്ച് പുറത്തേക്കിറങ്ങവേ ട്രെയിന്‍ നീങ്ങി തുടങ്ങി. തിടുക്കത്തില്‍ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു. ഇരു കാലുകളും അറ്റ നിലയിലായിരുന്ന അനുവിനെ ഉടന്‍തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.