മലപ്പുറം: വള്ളിക്കുന്നില്‍ ശനിയാഴ്ച വൈകിട്ട് കാണാതായ നവവധുവിന്റെ മൃതദേഹം കടലുണ്ടി പുഴയില്‍ കണ്ടെത്തി. വള്ളിക്കുന്ന് നോര്‍ത്ത് പൊരാഞ്ചേരി തറോല്‍ രാമന്റെ മകള്‍ ആര്യയുടെ (26) മൃതദേഹമാണ് വള്ളിക്കുന്ന് കോട്ടക്കടവ് കാല്‍വരി ഹില്‍സിന്റെ സമീപം കടലുണ്ടി പുഴയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശി ശ്വാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം ശനിയാഴ്ചയാണ് വള്ളിക്കുന്നിലെ വീട്ടിലെത്തിയത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ടെന്നു പറഞ്ഞാണ് ആര്യ ഇരുചക്രവാഹനത്തില്‍ വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
രാത്രിയായിട്ടും മടങ്ങിയെത്താതിരുന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആര്യയുടെ വാഹനവും ചെരുപ്പും ശനിയാഴ്ച പുഴയ്ക്കു സമീപം കണ്ടെത്തിയിരുന്നു. പുഴയില്‍ നടത്തിയ തിരച്ചിലിനിടെ ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. റീനയാണ് ആര്യയുടെ അമ്മ. ഭവ്യ, ആദിത്യ എന്നിവര്‍ സഹോദരങ്ങള്‍.