തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു. അയിലം സ്വദേശി അച്ചു എന്ന് പേരുള്ള വിശാല്‍ (22) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന ആറ്റിങ്ങല്‍ സ്വദേശി ആസിഫിനെ (23) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും മരിയന്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളാണ്. മാമം കോരാണിയില്‍ രേവതി ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്.
വിശാലിന്റെ ബൈക്ക് എതിര്‍വശത്ത് നിന്നും വന്ന വാഹനത്തില്‍ തട്ടി ലോറിക്ക് അടിയില്‍ പെടുകയായിരുന്നു. തീ പിടിത്തത്തില്‍ ആലപ്പുഴ രജിസ്ട്രേഷനിലുള്ള ലോറിയും ബൈക്കും പൂര്‍ണമായും കത്തി നശിച്ചു.
കരിച്ചിയില്‍ പുഷ്പമംഗലം വീട്ടില്‍ മലബാര്‍ കാറ്ററിങ് സര്‍വീസ് ഉടമ പത്മകുമാര്‍-സിന്ധു ദമ്പതികളുടെ ഏക മകനാണ് വിശാല്‍. ലോറി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറിയില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരുടെയും നില ഗുരുതരമാണ് ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.