പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റു മൂന്നാഴ്ചയോളം ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ സെപ്റ്റിസീമിയ ബാധിച്ചു മരിച്ച കോഴിക്കോട് സ്വദേശിനി നിഷാ ശാന്തകുമാറി(49)ന്റെ അന്ത്യോപചാര ശുശ്രുഷകള്‍ മെയ് 30 നു തിങ്കളാഴ്ച എന്‍ഫീല്‍ഡില്‍ നടക്കും.
മെയ് 30 നു തിങ്കളാഴ്ച രാവിലെ 11:30 നു എന്‍ഫീല്‍ഡ് ഔര്‍ ലേഡി ഓഫ് മൌണ്ട് കാര്‍മല്‍ & സെന്റ് ജോജ് ദേവാലയത്തില്‍ കൊണ്ടുവരുന്ന മൃതദേഹം കുടുംബാംഗങ്ങളും, ബന്ധുമിത്രാദികളും ചേര്‍ന്ന് ഏറ്റു വാങ്ങും. കൃത്യം 12 മണിക്ക് അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിക്കുന്നതാണ്. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം പൊതുദര്‍ശനത്തിനവസരം ഒരുക്കുന്നതാണ്.
കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനത്തിനു ശേഷം ഗ്രേറ്റ് കേംബ്രിഡ്ജ് റോഡിലുള്ള, എന്‍ഫീല്‍ഡ് ക്രിമിറ്റോറിയം & സിമറ്ററിയില്‍ സംസ്‌ക്കാരം നടത്തും.
എന്‍ഫീല്‍ഡിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളും സുഹൃത്തുക്കളും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുവാനും സഹായ സഹകരണങ്ങളുമായി എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നത് വിഷമഘട്ടത്തില്‍ കുടുംബത്തിന് ആശ്വാസമായി.
വെല്ലൂര്‍ സ്വദേശിയായ ഭര്‍ത്താവ് ശാന്തകുമാര്‍ എം ആര്‍ ഐ സ്‌കാനിങ് ഡിപ്പാര്‍ട്‌മെന്റ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു വരുകയാണ്. വിദ്യാര്‍ത്ഥികളായ സ്‌നേഹ (പ്ലസ് വണ്‍) ഇഗ്ഗി (ഒമ്പതാം ക്ലാസ്സ്) എന്നിവര്‍ മക്കളാണ്. ഈ കുടുംബം എന്‍ഫീല്‍ഡില്‍ എത്തിയിട്ട് പതിനഞ്ചു വര്‍ഷത്തോളമായി. മലയാളി കമ്മ്യുണിറ്റികളില്‍ സജീവമായിരുന്ന കുടുംബമായിരുന്നു ശാന്തകുമാറിന്റെത്.
സെപ്റ്റിസീമിയ ബാധിച്ച നിഷയുടെ അവയവങ്ങള്‍ ക്രമേണ പ്രവര്‍ത്തനരഹിതം ആവുകയും തുടര്‍ന്ന് ഉണ്ടായ ഹൃദയസ്തംഭനവുമാണ് മരണ കാരണമായത്.