കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഇടിച്ച കാറില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തി. ദമ്പതികൾ സഞ്ചരിച്ച ഓള്‍ട്ടോ കാറുമായി കൂട്ടിയിടിച്ച ഇന്നോവ കാറില്‍ നിന്നാണ് പൊലീസ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്‍, ഭാര്യ അഞ്ജു എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ മൂന്നു വയസുള്ള കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റു. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച പുലർച്ചയോടെയാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂര്‍ ഭാഗത്തേക്ക് പോയ ഓള്‍ട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. എറണാകുളത്ത് സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്. ഇന്നോവ കാറിലുണ്ടായിരുന്നവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.