മക്കളെ കാണാന്‍ യുകെയില്‍ എത്തിയ പിതാവിന് ആകസ്മിക മരണം. ഏതാനും നാളുകളായി അസുഖ ബാധിതനായിരുന്ന മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ചന്ദ്രശേഖരന്‍ ആണ് തിങ്കളാഴ്ച പുലര്‍ച്ചെ കവന്‍ട്രിയില്‍ മകന്റെ വീട്ടില്‍ വച്ച് അന്തരിച്ചത്. ചന്ദ്രശേഖരന്‍ എന്‍എച്ച്എസിലും ചികിത്സ തേടിയിരുന്നു. തുടര്‍ ചികിത്സയുടെ ഭാഗമായി വീട്ടില്‍ വിശ്രമത്തില്‍ കഴിയവെയാണ് മരണം.
തിങ്കളാഴ്ച അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഉടന്‍ പാരാമെഡിക്കല്‍ സേവനം തേടിയെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിക്കുക ആയിരുന്നു. തുടര്‍ന്ന് മൃതദേഹം ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ എത്തിക്കാതെ വീടിനു സമീപമുള്ള ഫ്യൂണറല്‍ ഡിറക്ടര്‍സ് ഏറ്റെടുക്കുക ആയിരുന്നു. പരേതന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. നാളെ (വ്യാഴാഴ്ച) വൈകിട്ട് 3.30ന് ലെസ്റ്ററിലെ ദ ഗ്രേറ്റ് ഗ്ലെന്‍ ക്രിമറ്റോറിയത്തില്‍ ആയിരിക്കും മൃതദേഹം സംസ്‌കരിക്കുക.
രണ്ടു മക്കളും യുകെയില്‍ തന്നെയാണ് താമസം. വാഴക്കുളം മലയില്‍ കുടുംബാംഗമാണ് ഇദ്ദേഹം. ഏതാനും മാസമായി ഇദ്ദേഹവും പത്‌നിയും മക്കളോടൊപ്പമാണ് യുകെയില്‍ കഴിഞ്ഞിരുന്നത്. ഭാര്യ കൊരട്ടി അണ്ടിപ്പിള്ളില്‍ വിജയകുമാരി, കവന്‍ട്രി മലയാളികളായ അരുണ്‍, ആശ എന്നിവരാണ് മക്കള്‍. ശ്രീകലയും അനീഷും മരുമക്കളും. ദീര്‍ഘകാലത്തെ കരസേനാ സേവനത്തിനു ശേഷം നാട്ടില്‍ എത്തിയ ചന്ദ്രശേഖരന്‍ കേരള പോലീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ക്രിമറ്റോറിയത്തിന്റെ വിലാസം
The Great Glen Crematorium, 9 London Rd, Great Glen, Leicester, LE8 9DJ