ബോസ്റ്റണ്‍ ടൗണ്‍ സെന്ററില്‍ 9 വയസുള്ള പെണ്‍കുട്ടി കുത്തേറ്റു മരിച്ചു. നഗരമധ്യത്തില്‍ നടന്ന ഈ ദാരുണ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചു. ബോസ്റ്റണിലെ ഫൗണ്ടന്‍ ലെയ്നില്‍ വൈകിട്ട് 6:20 ഓടെ നടന്ന സംഭവത്തിന് ശേഷം കൊലപാതക അന്വേഷണം ആരംഭിച്ചതായി ലിങ്കണ്‍ഷയര്‍ പോലീസ് പറഞ്ഞു.
കുത്തേറ്റു രക്തം വാര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് സേന അറിയിച്ചു. അവളുടെ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ അവരെ പിന്തുണയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് പിന്നിലെ കാരണം പോലീസ് അന്വേഷിച്ചു വരുകയാണ്.
കൊലപാതകത്തെ തുടര്‍ന്ന് ചരിത്രപ്രാധാന്യമുള്ള സെന്റ് ബോടോള്‍ഫ്‌സ് ചര്‍ച്ചിന് ചുറ്റുമുള്ള റസിഡന്‍ഷ്യല്‍ ഏരിയ പോലീസ് ബന്തവസ്സിലാക്കി. കൊലക്കേസില്‍ ദേശീയ പിന്തുണ ഉറപ്പാക്കാന്‍ പോലീസ് മന്ത്രിയെ ബന്ധപ്പെട്ടതായി കണ്‍സര്‍വേറ്റീവ് എംപി മാറ്റ് വാര്‍മാന്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം നടന്ന കൊലപതകത്തിന്റെ ആഘാതത്തിലാണ് പ്രദേശവാസികള്‍. ഇതോടെ തങ്ങളുടെ മേഖല കുട്ടികള്‍ക്ക് സുരക്ഷിതമാണോയെന്നാണ് ഇവര്‍ ആശങ്കപ്പെടുന്നത്.
ഇനിഎത്ര കുട്ടികള്‍ക്ക് കൂടി ജീവന്‍ നഷ്ടമാകണമെന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ബോസ്റ്റനെ സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഇടപെടുന്നില്ലെന്ന ആരോപണം ശക്തമാണ്. 2016ലെ ഹോം ഓഫീസ് കണക്കുകള്‍ പ്രകാരം ലിങ്കണ്‍ഷയറിലെ ഉറങ്ങിക്കിടക്കുന്ന മാര്‍ക്കറ്റായ പോര്‍ട്ട് പട്ടണമായ ബോസ്റ്റണ്‍ ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും കൊലപാതക 'തലസ്ഥാനമാണ്'.