തിരുവല്ല: തിരുവല്ല വെണ്ണിക്കുളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് പാസ്റ്ററും മക്കളും. റാന്നി പൂവന്‍മല ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍ വി.എം ചാണ്ടി (49), മക്കളായ ഫേബ (24), ബ്ലസി (19) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കുമളി ചക്കുംപള്ളം ഏഴാം മൈല്‍ വരയന്നൂര്‍ സ്വദേശികളായ ഇവര്‍ റാന്നിയിലാണ് താമസിക്കുന്നത്.
രാവിലെ ഏഴേമുക്കാലോടെയാണ് അപകടം. തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിര്‍ദിശയില്‍ വന്ന ടിപ്പര്‍ ലോറിക്ക് സൈഡ് നല്‍കവെയാണ് തെന്നി തോട്ടിലേക്ക് പതിച്ചത്. ബസ് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ മുങ്ങിയ കാര്‍ കണ്ടെത്തിയത്.
കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ രണ്ടു പേരും മരിച്ചനിലയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പാസ്റ്റര്‍ ചാണ്ടിയും മരണമടഞ്ഞിരുന്നു. കാറില്‍ നിന്നും ലഭിച്ച പരുമല മാര്‍ ഗ്രഗോറിയോസ് കോളജിലെ വിദ്യാര്‍ത്ഥിനിയുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.