യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി ഒരു മാസം മുന്‍പ് നാട്ടിലെത്തിയ വിഗാന്‍ മലയാളിക്ക് ആകസ്മിക മരണം. മാഞ്ചസ്റ്ററിലെ വിഗാന്‍ മലയാളിയായ കുട്ടനാട്ടുകാരന്‍ ഷാജി ജേക്കബ് (53 ) ആണ് അന്തരിച്ചത്. രണ്ടു മാസത്തെ അവധിക്കാണ് ഷാജി നാട്ടില്‍ എത്തിയത്. ഭാര്യാ മാതാവിന് വാര്‍ധക്യ സഹജമായ അസുഖം മൂലം പരിചരണം നല്‍കുന്നതിന് വേണ്ടി നാട്ടില്‍ തുടരുകയായിരുന്നു. ഒരു മാസം മുന്‍പ് ആണ് ഷാജി ചമ്പക്കുളത്തെ വീട്ടില്‍ എത്തിയത്. ഇതിനിടെ ഷാജിക്കു ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. ഏതാനും ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയ ഷാജി ശനിയാഴ്ച കളമശേരി രാജഗിരി ആശുപത്രിയില്‍ വിദഗ്ധ പരിശോധനക്ക് എത്താന്‍ തയാറെടുക്കവെയാണ് ആരോഗ്യ നില വഷളാവുന്നത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു ഐസിയുവില്‍ വിദഗ്ധ ചികിത്സ സല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം മരണം സംഭവിച്ചതായി വിഗാനില്‍ ഉള്ള ഭാര്യ ലാവ്‌ലിയെയും മകന്‍ ജോസഫിനെയും അറിയിക്കുകയായിരുന്നു. ഷാജിയുടെ ഭാര്യയും മകനും നാട്ടിലെത്തും.
വിഗാനിലെ മലയാളി കൂട്ടായ്മകളില്‍ സജീവമായിരുന്നു ഷാജി. വിഗാന്‍ ഹോസ്പിറ്റലില്‍ നഴ്‌സായ ലാവ്‌ലിയാണ് ഷാജിയുടെ ഭാര്യ. ഏക മകന്‍ ജോസഫ് ഷാജി മാഞ്ചസ്റ്റര്‍ പോലീസില്‍ ഉദ്യോഗസ്ഥനാണ്. വിഗാന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ കുടുംബം കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഇവിടെയുണ്ട്. വിഗാന്‍ സെന്റ് മാത്യു കുടുംബ കൂട്ടായ്മയിലെ സജീവ സാന്നിധ്യമായിരുന്നു ഷാജിയും കുടുംബവും.
ചങ്ങനാശേരി അതിരൂപതയിലെ ചമ്പക്കുളം സെന്റ് മേരിസ് ബസലിക്ക ഇടവക അംഗമാണ് ഷാജിയും കുടുബവും തുമ്പയില്‍ കളപ്പുരയ്ക്കല്‍ തറവാട്ടിലെ അംഗമാണ്.