യുകെയിലെ വിഗാനില്‍ കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞ മലയാളി നഴ്‌സ് സിനി ജോബിയ്ക്ക് ജന്മനാട്ടില്‍ അന്ത്യവിശ്രമം. തൊടുപുഴ കലയന്താനി സെന്റ് മേരീസ് പള്ളിയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. സിനിയുടെ ഭര്‍ത്താവ് തൊടുപുഴ കലയന്താനി സ്വദേശിയായ ജോബിയുടെ വീട്ടില്‍ നടന്ന പൊതു ദര്‍ശനത്തിലും മൃതസംസ്‌കാര ശുശ്രൂഷയിലും നൂറു കണക്കിന് നാട്ടുകാരാണ് പങ്കെടുത്തത്. അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ മകനെയും ഭര്‍ത്താവിനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉഴലുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും.
ചെങ്കല്‍പൂര്‍ രൂപത ബിഷപ്പായ മാര്‍ ജോസഫ് കൊല്ലപറമ്പില്‍ ആണ് സംസ്‌കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്. സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ യുകെയില്‍ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും എത്തിച്ചേര്‍ന്നിരുന്നു.
വിഗാന്‍ മലയാളികളെ ഞെട്ടിച്ചു ആഗസ്റ്റ് 12ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മാഞ്ചസ്റ്റര്‍ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റലായ ക്രിസ്റ്റിയില്‍ വച്ച് സിനി(41) മരണമടഞ്ഞത്. ഒരു വര്‍ഷത്തോളമായി കാന്‍സറുമായി പോരാടുകയായിരുന്നു സിനി.
ഒരു വര്‍ഷത്തെ കാന്‍സര്‍ ചികിത്സ കൊണ്ട് രോഗം ഏറെക്കുറെ ഭേദമായെന്നു കരുതിയ അവസരത്തിലാണ് രോഗം വീണ്ടും കലശലായത്. തുടര്‍ന്നാണ് സിനിയെ മാഞ്ചസ്റ്റര്‍ ക്രിസ്റ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുന്നത്. ജോബിയും മകന്‍ ആല്‍ബിനും അരികെ നില്‍ക്കവെയാണ് സിനി വിടവാങ്ങിയത്. വിഗാന്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സായിട്ടാണ് സിനി ജോലി ചെയ്തിരുന്നത്.