പ്രവാസിയായ ഭാര്യ നാട്ടിലെത്തി, യുവാവ് മകളുമായി പുഴയില്‍ ചാടി, മൃതദേഹം കണ്ടെടുത്തു
കൊച്ചി: ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്ന് ആറുവയസുകാരിയായ മകളുമായി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെങ്ങമനാട് പുതുവാശേരി മല്ലിശേരി വീട്ടില്‍ ലൈജുവിന്റെ (36) മൃതദേഹമാണ് കണ്ടെത്തിയത്. മകള്‍ ആര്യനന്ദയെ കണ്ടെത്തുന്നതിനായി പൊലീസും അഗ്നിശമനസേനയും തെരച്ചില്‍ നടത്തുകയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ലൈജുവിന് കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പുതുവാശേരി കവലയില്‍ വാടക കെട്ടിടത്തില്‍ സാനിറ്ററി ഷോപ്പ് നടത്തിവരികയായിരുന്നു ലൈജു. ഭാര്യ സവിത അഞ്ച് വര്‍ഷത്തോളമായി ദുബായില്‍ ബൂട്ടീഷ്യനായി ജോലി ചെയ്യുകയാണ്. ലൈജുവിന്റെ മൂത്ത മകന്‍ അദ്വൈത് ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ അഞ്ചാം ക്ളാസില്‍ പഠിക്കുന്നു.
അത്താണി അസീസി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ ആര്യനന്ദയെ സ്കൂളിലയയ്ക്കാം എന്നുപറഞ്ഞ് ലൈജു സ്കൂട്ടറില്‍ കയറ്റികൊണ്ടുപോവുകയായിരുന്നു. സാധാരണയായി സ്കൂള്‍ ബസിലാണ് കുട്ടിയെ അയച്ചിരുന്നത്. എന്നാല്‍ അത്താണി ഭാഗത്തേയ്ക്ക് പോകുന്നുണ്ടെന്ന് പറഞ്ഞ് രാവിലെ പിതാവ് മകളുമൊത്ത് പോവുകയായിരുന്നു. പിന്നാലെയാണ് പുഴയില്‍ ചാടിയത്.
മകന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി അടുത്തമാസം നാട്ടിലെത്തുമെന്ന് സവിത അറിയിച്ചിരുന്നു. എന്നാല്‍ രോഗബാധിതയായ അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് ലൈജു മകളുമായി പുഴയില്‍ ചാടിയത്.