ചരമം

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: സി.പി.എമ്മിന്റെ ജനകീയമുഖമായിരുന്ന മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍(68) അന്തരിച്ചു. അര്‍ബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 8.10 ഓടെയായിരുന്നു അന്ത്യം. വിദഗ്ദ്ധചികിത്സയ്ക്കായി രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യ വിനോദിനിയും മക്കളായ ബിനോയ്, ബിനീഷ് എന്നിവരും അടുത്തുണ്ടായിരുന്നു.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് സംസ്ഥാനസെക്രട്ടറി പദം കോടിയേരി ഒഴിഞ്ഞ് പകരം എം.വി. ഗോവിന്ദനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി തുടര്‍ച്ചയായ മൂന്നാം തവണയും സി.പി.എം സംസ്ഥാനസെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇടയ്ക്ക് ആരോഗ്യകാരണങ്ങളാല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറിസ്ഥാനത്ത് നിന്ന് കോടിയേരി അവധിയെടുത്തിരുന്നുവെങ്കിലും സ്ഥാനമൊഴിഞ്ഞിരുന്നില്ല. അന്ന് കേന്ദ്രകമ്മിറ്റിയംഗവും ഇപ്പോള്‍ പോളിറ്റ്ബ്യൂറോ അംഗവുമായ എ. വിജയരാഘവനാണ് അന്ന് താല്‍ക്കാലിക ചുമതല നല്‍കിയത്.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മോശം ആയതിനെ തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ് സന്ദര്‍ശനം നീട്ടി. ശനിയാഴ്ച രാത്രിയോടെ ഫിന്‍ലിന്‍ഡിലേക്ക് യാത്ര തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ യാത്ര റദ്ദാക്കിയാണ് മുഖ്യമന്ത്രി ചെന്നൈയിലേക്ക് പോകുന്നത്. ഒക്ടോബര്‍ രണ്ടു മുതല്‍ 12 വരെ ഫിന്‍ലന്‍ഡ്, നോര്‍വേ, യു.കെ. എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

കണ്ണൂരിലെ കല്ലറ തലായി എല്‍.പി സ്കൂള്‍ റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ പരേതനായ കോടിയേരി മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും പരേതയായ നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 13നാണ് കോടിയേരി ബാലകൃഷ്ണന്റെ ജനനം. ഒണിയന്‍ പബ്ലിക് ഹൈസ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായി വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലെത്തി.

അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം അറസ്റ്റിലായി 16 മാസം ജയിലില്‍ കിടന്നു. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ട ശേഷമാണ് ജയില്‍മോചിതനായത്. ഈ കാരാഗൃഹവാസമാണ് പിണറായിയെയും കോടിയേരിയെയും പ്രിയപ്പെട്ട സുഹൃത്തുക്കളാക്കിയത്. എസ്.എഫ്.ഐ പ്രവര്‍ത്തനത്തിനൊപ്പം ട്രേഡ് യൂണിയന്‍ രംഗത്തും ചുവടുറപ്പിച്ച കോടിയേരി ബാലകൃഷ്ണന്‍ സി.പി.എമ്മിന്റെ കണ്ണൂര്‍ ഈങ്ങയില്‍ പീടിക ബ്രാഞ്ച് അംഗമായി.

18ാം വയസ്സില്‍ ലോക്കല്‍സെക്രട്ടറിയും 36ാം വയസ്സില്‍ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായി. 54ാം വയസ്സിലാണ് പോളിറ്റ്ബ്യൂറോയിലെത്തിയത്. 1982, 87, 2001, 2006, 2011 വര്‍ഷങ്ങളിലായി കാല്‍നൂറ്റാണ്ടോളം നിയമസഭയില്‍ തലശ്ശേരിയെ പ്രതിനിധീകരിച്ചു. 2006ലും 11ലും പ്രതിപക്ഷ ഉപനേതാവായി. 2006ലെ വി.എസ് മന്ത്രിസഭയില്‍ ആഭ്യന്തരം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായി .

2015ല്‍ സി.പി.എമ്മിന്റെ ആലപ്പുഴ സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിന്‍ഗാമിയായി സംസ്ഥാനസെക്രട്ടറിയാവുന്നത്. 2018ല്‍ വീണ്ടും തൃശൂര്‍ സമ്മേളനത്തില്‍ വച്ച് സെക്രട്ടറിയായി. 2020 നവംബറില്‍ ആരോഗ്യകാരണങ്ങളാല്‍ താല്‍ക്കാലികമായി ഒഴിവായി. ഒരു വര്‍ഷത്തിന് ശേഷം തിരിച്ചെത്തി. ഭാര്യ തലശ്ശേരി മുന്‍ എം.എല്‍.എ പരേതനായ എം.വി. രാജഗോപാലന്റെ മകള്‍ എസ്.ആര്‍. വിനോദിനി.
മക്കള്‍ ബിനോയ്, ബിനീഷ്.

  • ഓക്‌സ്‌ഫോര്‍ഡ് മലയാളിയുവാവ് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
  • കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
  • യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
  • ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
  • അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions