യുകെമലയാളികളെ ദുഃഖത്തിലാഴ്ത്തി, നാട്ടില്‍ നിന്നെത്തിയ മാതാവ് കവന്‍ട്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. കവന്‍ട്രി മലയാളിയായ എല്‍വിന്റെ അമ്മ എല്‍സി (68) യാണ് ഞായറാഴ്ച വൈകുന്നേരത്തോടെ മരണപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് മകനും കുടുംബത്തിനും ഒപ്പം കഴിയാനായി എല്‍സി യുകെയില്‍ എത്തിയത്. ഉച്ചകഴിഞ്ഞു പള്ളിയില്‍ പോകാന്‍ തയ്യാറെടുക്കുമ്പോള്‍ വീട്ടില്‍ കുഴഞ്ഞു വീഴുക ആയിരുന്നു എന്നാണ് വിവരം.
ഉടന്‍ പാരാമെഡിക്സിന്റെ സഹായം തേടി കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. വിവരമറിഞ്ഞു നിരവധി മലയാളികളാണ് മകന്‍ ആല്‍വിനെയും കുടുംബത്തെയും സന്ദര്‍ശിച്ചു ആശ്വാസിപ്പിക്കാനായി എത്തിയത്.
നാട്ടില്‍ കോയമ്പത്തൂരില്‍ സ്ഥിര താമസമാക്കിയ കുടുംബം റാന്നി സ്വദേശികളാണ്. കോയമ്പത്തൂര്‍ അബട്ണ്ട് ലൈഫ് ചര്‍ച്ച് അംഗമാണ് എല്‍സി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എല്‍സി മകനെയും കുടുംബത്തെയും കാണാന്‍ യുകെയില്‍ എത്തിയത്. എല്‍സിക്കു കാര്യമായ ശാരീരിക പ്രയാസങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
പരേതയുടെ നിത്യ ശാന്തിയ്ക്കായി ഇന്ന് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുമെന്ന് കുടുംബ സുഹൃത്തുക്കള്‍ അറിയിച്ചിട്ടുണ്ട്. പരേതനായ റിട്ട എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സി എം ജോസഫിന്റെ പത്‌നിയാണ് എല്‍സി. ചള്ളുപറമ്പില്‍ കുടുംബാംഗമാണ് എല്‍സി.
എല്‍വിനെ കൂടാതെ അയര്‍ലന്‍ഡ് മലയാളിയായ സ്വപ്ന ജോസഫാണ് മകള്‍. മരണ വിവരമറിഞ്ഞു സ്വപ്ന രാത്രിയോടെ കവന്‍ട്രിയില്‍ എത്തി. കവന്‍ട്രി ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് ജിന്റായും അയര്‍ലന്‍ഡ് മലയാളിയായ ജെറോമുമാണ് മരുമക്കള്‍. ലിവിങ്സ്റ്റണ്‍ ജോസഫ്, ബെവന്‍ ജെറോം, ബെവിസ് ജെറോം എന്നിവര്‍ പേരക്കുട്ടികളുമാണ്.