തുടര്‍ മരണങ്ങളുടെ ഞെട്ടലില്‍ യുകെ മലയാളി സമൂഹം. മൂന്നു ദിവസങ്ങള്‍ക്കിടെ മൂന്നാമത്തെ മരണ വാര്‍ത്തയാണ് മലയാളികളെ തേടിയെത്തിയത്. വൂസ്റ്ററിലെ സതീഷിനും മാഞ്ചസ്റ്ററിലെ ജോര്‍ജ്ജ് പോളിനും പിന്നാലെ ലിവര്‍പൂളില്‍ മോനിസ് ഔസേഫ്(60) ആണ് അന്തരിച്ചത്. ലിവര്‍പൂളില്‍ ആദ്യ കുടിയേറ്റത്തില്‍ എത്തിച്ചേര്‍ന്ന മോനിസ് ഔസേഫ് വെള്ളിയാഴ്ച രാവിലെ ആണ് മരണത്തിനു കീഴടങ്ങിയത്.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബൈയില്‍ അവധിക്കാലം ആഘോഷിക്കുവാന്‍ പോയപ്പോള്‍ അവിടെവച്ചു തല കറങ്ങി വീണിരുന്നു . അദ്ദേഹത്തെ പിന്നീട് ലിവര്‍പൂളിലേക്ക് കൊണ്ടുവന്നു ദീര്‍ഘനാള്‍ ചികില്‍സിച്ചെങ്കിലും പിന്നീടുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും മോനിസ് മുക്തനായിരുന്നില്ല. തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്.
ലിവര്‍പൂള്‍ ബെര്‍ക്റോഡില്‍ താമസിക്കുന്ന മോനിസിന് ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. ഭാര്യ ജെസ്സി ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. പരേതന്‍ ലിവര്‍പൂള്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ഇടവക അംഗമാണ്. മൃതസംസ്‌കാര കര്‍മ്മങ്ങളുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.