വടക്കന്‍ സിക്കിമില്‍ വാഹനാപകടത്തില്‍ മലയാളിയടക്കം 16 സൈനികര്‍ കൊല്ലപ്പെട്ടു . പരിക്കേറ്റ നാല് സൈനികരെ വ്യോമമാര്‍ഗ്ഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. 221 കരസേന റെജിമെന്റില്‍ നായിക് ആയി സേവനം ചെയ്യുകയായിരുന്നു.
വടക്കന്‍ സിക്കിമിലെ ചാറ്റെനില്‍ നിന്നും തംഗുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക വാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. സെമയില്‍ വെച്ച്, ഒരു വളവു തിരിയുന്നതിനിടയില്‍ വാഹനങ്ങള്‍ കൊക്കയിലേക്ക് മറയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും നാല് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ. ഇവരെ വ്യോമമാര്‍ഗ്ഗം ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ ജൂനിയര്‍ ഓഫീസര്‍മാരാണ്.
സിക്കിമില്‍ 16 സൈനികര്‍ വീരമൃത്യു വരിച്ച അപകടത്തില്‍ അതീവവേദനയുണ്ടെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് പറഞ്ഞു. രാജ്യം ഇവരുടെ സേവനത്തിലും പ്രതിബദ്ധതയിലും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കൊപ്പമുണ്ടെന്ന് ഇന്ത്യന്‍ സേന പുറത്തിറക്കിയ അനുശോചനക്കുറിപ്പില്‍ പറയുന്നു.