ജോലിക്കിടയില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയില്‍ തുടരവേ മരിച്ച ബെക്സില്‍ ഓണ്‍ സീയിലെ നിമ്യാ മാത്യൂസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ ഏഴുമണിക്ക് നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അരിക്കുഴയില്‍ പൊതുദര്‍ശനത്തിന് വച്ചു. അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്കും ശേഷം വൈകിട്ട് നാലു മണിയോടെ മൃതദേഹം സംസ്‌കരിക്കും.
ബെക്‌സില്‍ ഓണ്‍ സീ സെന്റ് മാര്‍ത്താസ് പള്ളിയില്‍ വച്ചും പൊതുദര്‍ശന ചടങ്ങുകള്‍ നടന്നിരുന്നു. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. ഫാ. മാത്യു മുളയോളില്‍, ഫാ. ജോസഫ് മുക്കാട്ട്, ഫാ. മാത്യൂ കുരിശുംമൂട്ടില്‍ എന്നിവരാണ് സഹകാര്‍മ്മികത്വം വഹിച്ചത്.
ഒന്‍പതു മാസം മുമ്പ് മാത്രമാണ് നിമ്യ യുകെയില്‍ എത്തിയതെങ്കിലും സ്നേഹം കൊണ്ട് എല്ലാവരുടെയും മനസു കീഴടക്കുവാന്‍ നിമ്യയ്ക്ക് കഴിഞ്ഞിരുന്നു. ഈസ്റ്റ് സസ്സെക്സിലെ ബെക്‌സില്‍ ഓണ്‍ സീ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. നവംബര്‍ 27ന് ഞായറാഴ്ച ജോലിക്കിടയില്‍ കുഴഞ്ഞു വീണാണ് നിമ്യ മാത്യൂസ്(34) ഗുരുതരാവസ്ഥയില്‍ ആയത്. തുടര്‍ന്നുള്ള പരിശോധനയില്‍ ട്യൂമറാണെന്ന് കണ്ടെത്തുകയും രോഗ നിലവഷളാവുകയും മരിക്കുകയുമാണ് ചെയ്തത്. മൂവാറ്റുപുഴ വാഴക്കുളം കാവന കഴിക്കാചാലില്‍ വീട്ടില്‍ ലിജോ ജോര്‍ജിന്റെ ഭാര്യയാണ് എറണാകുളം എടത്തല സ്വദേശിനിയായ നിമ്യ. ഏക മകന്‍ ഡെറിക്ക് (മൂന്നര വയസ്) .