നോര്‍ത്ത് വെയില്‍സിലെ ബാങ്കോറില്‍ ക്രിസ്മസ് ദിനത്തില്‍ നിര്യാതനായ ജിജോ ജോസിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാരം തിങ്കളാഴ്ച നടത്തുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ജിജോ രോഗം ഭേദമായി എന്ന് കരുതിയിരിക്കവെയാണ് നോര്‍ത്ത് വെയില്‍സില്‍ സീനിയര്‍ കെയര്‍ ആയി എത്തിയ ഭാര്യയോടൊപ്പം കുടുംബ ജീവിത സ്വപ്നവുമായി മൂന്നു മക്കളെയും കൂട്ടി മൂന്നു മാസം മുമ്പ് എത്തിയത്.
നാട്ടില്‍ വച്ച് കാന്‍സര്‍ സ്ഥിരീകരിച്ചെങ്കിലും യുകെയിലേക്ക് പുറപ്പെടുമ്പോള്‍ രോഗത്തിന്റെ വ്യാപ്തി മനസിലായില്ല. രണ്ടു വര്‍ഷമായി നാട്ടില്‍ ചികിത്സ ചെയ്തിരുന്നു. യുകെയില്‍ വിദഗ്ധ ചികിത്സ നല്‍കാമെന്നുള്ള പ്രതീക്ഷയുമുണ്ടായി. എന്നാല്‍ വിധി അനുവദിച്ചില്ല.
കഴിഞ്ഞ ദിവസം രോഗ നില വഷളായതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. നിഷയും മൂന്നു മക്കളും ജിജോയുടെ ജീവനായി പ്രാര്‍ത്ഥനയിലായിരുന്നു.
പ്രിയ പിതാവിന്റെ വേര്‍പാടിന്റെ ദുഃഖത്തിലാണ് മക്കളായ പതിമൂന്നും ഒന്‍പതും എട്ടും വയസുള്ള ജോഷ്വായും ജോഹാനും ജ്യുവല്‍ മരിയയും. തിങ്കളാഴ്ച ഉച്ചക്ക് സ്വവസതിയില്‍ പ്രാര്‍ത്ഥനാ ശുശ്രുഷകള്‍ ആരംഭിച്ച് കരയാംപറമ്പ് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ അന്ത്യോപചാര ശുശ്രുഷകള്‍ നടത്തി കുടുംബ കല്ലറയില്‍ സംസ്‌ക്കാരം നടത്തുന്നതാണ്.
നോര്‍ത്ത് വെയില്‍സിലെ ബാങ്കോറിനടുത്തുള്ള നഴ്‌സിംഗ് ഹോമില്‍ സീനിയര്‍ കെയററായി പത്തുമാസം മുമ്പാണ് ഭാര്യ നിഷ എത്തിയത്. മറ്റത്തൂര്‍ പാലാട്ടില്‍ ബാബുവിന്റെയും ഉഷയുടെയും മകളാണ് നിഷ . അങ്കമാലിക്കടുത്ത് കരയാംപറമ്പില്‍, കാളാംപറമ്പില്‍ വര്‍ക്കി ജോസ്, ജെസ്സി ജോസ് എന്നിവരുടെ മകനാണ് ജിജോ ജോസ് (46). സിജോ ജോസ് (സ്റ്റീവനേജ്,യു കെ), സുജ റോബിന്‍ എന്നിവര്‍ സഹോദരരാണ്.