നീലച്ചിത്ര താരം സ്റ്റോമി ഡാനിയേല്‍സുമായുള്ള വിവാദ ഇടപാടിന്റെ പേരില്‍ താന്‍ ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെടാമെന്ന പ്രവചനവുമായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച അറസ്റ്റുണ്ടായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിശ്വസ്തരില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ വിവരമാണെന്നും ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. എനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പക പോക്കലാണെന്നും ട്രംപ് ആരോപിച്ചു. തന്നെ അറസ്റ്റ് ചെയ്താല്‍ അറസ്റ്റിനെതിരെ വന്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ട്രംപ് തന്റെ അനുയായികോളോട് ആവശ്യപ്പെട്ടു.
ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാന്‍ഹാട്ടണിലെ ഡിഎ'സ് ഓഫീസ് തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആരോപിച്ചത്. തനിക്കെതിരായ അന്വേഷണം അഴിമതിയും, രാഷ്ട്രീയവുമാണെന്ന് ട്രംപ് വാദിക്കുന്നു. കൂടാതെ താരത്തെ നിശബ്ദമാക്കാന്‍ പണം നല്‍കിയെന്നത് പഴയ കെട്ടുകഥ മാത്രമാണെന്നും മുന്‍ പ്രസിഡന്റ് അവകാശപ്പെട്ടു.
ഡാനിയേല്‍സിനെ നിശബ്ദയാക്കാന്‍ 2016ലെ തെരഞ്ഞെടുപ്പിന് മുന്‍പ് 130,000 ഡോളറാണ് ട്രംപിന്റെ അഭിഭാഷകര്‍ നല്‍കിയത് എന്നാണ് ആരോപണം. ഈ സംഭവം നടന്ന് ആറ് വര്‍ഷത്തിന് ശേഷമാണ് ന്യൂയോര്‍ക്ക് പ്രോസിക്യൂട്ടര്‍മാര്‍ മുന്‍ പ്രസിഡന്റിന് എതിരായി ഈ സംഭവം ഉപയോഗിക്കുന്നത്. എന്നാല്‍ നീലച്ചിത്ര താരവുമായുള്ള ബന്ധം തള്ളുന്ന ട്രംപ് പേയ്‌മെന്റുകളെ കുറിച്ച് അറിവില്ലെന്ന നിലപാടാണ് തുടരുന്നത്.
ട്രംപിന്റെ വാദങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടേണ്ടി വരുന്ന ആദ്യ മുന്‍ പ്രസിഡന്റായി മാറും. അടുത്ത ആഴ്ച ട്രംപിനെതിരെ കുറ്റം ചുമത്താന്‍ മാന്‍ഹാട്ടണ്‍ ഡിസ്ട്രിക്ട് അറ്റോണി ആല്‍വിന്‍ ബ്രാഗ് നീക്കം നടത്തുന്നതായാണ് സൂചന. എന്നാല്‍ ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് ഏകപക്ഷീയ വിജയം നേടാന്‍ കഴിയുമെന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികനായ എലണ്‍ മസ്‌ക് പ്രതികരിച്ചു.
ട്രംപിനെ മൊഴിയെടുക്കാനായി വിളിപ്പിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചിരുന്നു. മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയാണ് അഞ്ച് വര്‍ഷമായി ട്രംപിനെതിരെ അന്വേഷണം നടത്തിയത്. അതേസമയം, പോണ്‍ താരവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന ആരോപണം ട്രംപ് നിഷേധിച്ചിരുന്നു.