യുകെ മലയാളികള്‍ക്ക് വേദനയായി മലയാളിയുടെ ഏഴുവയസുള്ള മകള്‍ കൊല്ലം ബീച്ചില്‍ തിരയില്‍ പെട്ട് മരണമടഞ്ഞു. യുകെ മലയാളിയായ റീനയുടെയും കൊല്ലം നടുവിലക്കര പുല്ലിച്ചിറ ഹെവന്‍സ് വില്ലയില്‍ പരേതനായ ജിസന്റെയും മകള്‍ ജോഷ്ന ജിസന്‍ (7) ആണ് മരണമടഞ്ഞത്.
കഴിഞ്ഞ ദിവസം വൈകിട്ടു 3.30നു കൊല്ലം ബീച്ചിനും പോര്‍ട്ടിനും ഇടയിലുള്ള സ്ഥലത്ത് ആണ് അപകടം. ജോഷ്നയും സഹോദരന്‍ ജോയലും പുല്ലിച്ചിറ സ്വദേശിയായ പ്രശാന്തിന്റെയും ഇദ്ദേഹത്തിന്റെ 2 മക്കളുടെയും കൂടെ ബീച്ചില്‍ എത്തിയതാണ്. കുട്ടികളെ ബീച്ചിനു സമീപം ഇറക്കിയ ശേഷം പ്രശാന്ത് വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി പോയി. ഇതിനിടെ തീരത്തേക്ക് ഇറങ്ങിയ കുട്ടികള്‍ ശക്തമായ തിരയില്‍ അകപ്പെടുകയായിരുന്നു.
4 പേരും തിരയില്‍പെട്ടെങ്കിലും 3 പേരും തിരികെ അടിച്ച തിരയില്‍ രക്ഷപ്പെട്ടു. എന്നാല്‍, ജോഷ്ന ശക്തമായ ഒഴുക്കില്‍പെട്ടു. കുട്ടികളുടെ ബഹളം കേട്ടു സമീപവാസികളും ലൈഫ് ഗാര്‍ഡുകളും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.
ജോഷ്‌നയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചതോടെ മക്കളെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്ത് ഏല്‍പ്പിച്ചിട്ട് റീന സ്‌കോട്ട് ലാന്റിലേക്ക് പോയത്. ഇസ്രായലില്‍ നിന്നും തിരിച്ചെത്തിയ പ്രശാന്ത് ഔട്ടിംഗിനായാണ് സ്വന്തം മക്കള്‍ക്ക് ഒപ്പം റീനയുടെ മക്കളെയും കൂട്ടിയത്.
പ്രശാന്തിന്റെ ഭാര്യയും സ്‌കോട്ട് ലാന്റില്‍ ഉണ്ട്. ജോഷ്ന മയ്യനാട് കെപിഎം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.