ഈസ്റ്റ്ഹാമില്‍ കാന്‍സര്‍ ബാധിതയായി മരിച്ച തിരുവനന്തപുരം വെട്ടുകാട് സ്വദേശിനിയായ ഷെര്‍ലിന്‍ ജെറാള്‍ഡിന്റെ വിയോഗം മക്കളെ ഒരു നോക്ക് കാണാനാകാതെ. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി വേദനാപൂര്‍ണമായ ജീവിതമാണ് ഷെര്‍ലിന്‍ അനുഭവിച്ചിരുന്നത്. വിസിറ്റിംഗ് വിസയില്‍ എത്തിയ ഷെര്‍ലിനും ഭര്‍ത്താവും കുട്ടികളും പിന്നീട് രണ്ടു വര്‍ഷത്തെ അഭയാര്‍ത്ഥി വിസയിലാണ് യുകെയില്‍ തങ്ങിയിരുന്നത്.
കൃത്യമായ ജോലിയും വരുമാനവും ഇല്ലാതായതോടെ കുട്ടികളെ പിന്നീട് നാട്ടിലേക്ക് അയക്കുക ആയിരുന്നു. ഇതിനിടയില്‍ വിധിയുടെ ക്രൂരതയായി കാന്‍സര്‍ രോഗിയായി. ഇതേ തുടര്‍ന്ന് മാനുഷിക പരിഗണന കാട്ടണമെന്ന കുടുംബത്തിന്റെ പരിഗണന ഏറ്റെടുത്ത ബ്രിട്ടീഷ് സര്‍ക്കാര്‍ ഷെര്‍ലിനും ഭര്‍ത്താവിനും അഞ്ചു വര്‍ഷത്തെ വിസയും നല്‍കി. രോഗം കഠിനമാകുകയും നാട്ടിലേക്ക് പോകാന്‍ സാധികാത്ത സാഹചര്യവും സംജാതമായതോടെ കുട്ടികളെ നാട്ടില്‍ നിന്നും എത്തിക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. ഏറെ നാളുകളായി കുട്ടികളെ എങ്ങനെയും യുകെയില്‍ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു രോഗക്കിടക്കയിലും ഷെര്‍ലിനും ഭര്‍ത്താവും.
എന്നാല്‍ മക്കളെ മരണത്തിനു മുന്‍പ് അവസാനമായി ഒന്ന് കാണുക എന്ന ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് ഷെര്‍ലിന്‍ ജീവിതത്തില്‍ നിന്നും മടങ്ങിയിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് പള്ളിയില്‍ പതിവായി എത്തിയിരുന്ന ജെര്‍ലിനും ഭര്‍ത്താവിനും സാധ്യമായ സഹായമൊക്കെ നല്‍കുവാന്‍ പ്രദേശത്തെ മലയാളികള്‍ ശ്രമിക്കുന്നുണ്ട്.