ബ്രിട്ടന്റെ നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കുടിയേറ്റ നിയന്ത്രണ നിയമം പ്രാബല്യത്തില്‍. ഇനി മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ് റിസേര്‍ച്ച് കോഴ്‌സുകളിലുള്ളവര്‍ക്കും, ഗവണ്‍മെന്റ് ഫണ്ടിംഗുള്ള സ്‌കോളര്‍ഷിപ്പ് നേടിയവര്‍ക്കുമാണ് കുടുംബാംഗങ്ങളെ കൂടെക്കൂട്ടാന്‍ സാധിക്കുക. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നിയമപരമായ കുടിയേറ്റത്തിന് കൂടി വിലങ്ങിടാനാണ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയുടെ ശ്രമം.
നെറ്റ് മൈഗ്രേഷന്‍ പെട്ടെന്ന് തന്നെ ചുരുക്കാനാണ് തന്റെ ശ്രമമെന്ന് ഹോം സെക്രട്ടറി വ്യക്തമാക്കി. ഇന്നുമുതലാണ് നിയമപരമായ റൂട്ടുകളിലെ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. മേയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പ്രകാരം 140,000 പേരുടെ വരവ് ഒരു വര്‍ഷം കൊണ്ട് കുറയ്ക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഔദ്യോഗിക നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പ്രകാരം 2022-ല്‍ രാജ്യത്തേക്ക് ദീര്‍ഘകാലത്തേക്ക് പ്രവേശിക്കുന്നവരും, തിരികെ പോകുന്നവരും തമ്മിലുള്ള വ്യത്യാസം 745,000 എത്തിയിരുന്നു. റെക്കോര്‍ഡ് കണക്കുകള്‍ ടോറി ബാക്ക്‌ബെഞ്ചില്‍ നിന്നും കനത്ത പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
'വളരെ കാലമായി യുകെയിലെ മൈഗ്രേഷന്‍ ലെവല്‍ വളരെ ഉയര്‍ന്ന തോതിലാണ്. ബ്രിട്ടനിലെ ജനങ്ങളുടെ രോഷം ഞാനും പങ്കുവെയ്ക്കുന്നു. കൂടാതെ യുകെയിലേക്ക് വരുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ അതിവേഗ നടപടി വേണമെന്നും കരുതുന്നു', ഹോം സെക്രട്ടറി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 300,000 പേരുടെ വരവ് കുറയ്ക്കുകയാണ് ഈ പാക്കേജിന്റെ ഉദ്ദേശമെന്ന് ക്ലെവര്‍ലി പറയുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കുടുംബാംഗങ്ങളും വരുന്നത് കുതിച്ചുയര്‍ന്നതോടെയണ് നടപടി. സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ 152,980 വിസകളാണ് വിദേശ വിദ്യാര്‍ത്ഥികളുടെ ബന്ധുക്കള്‍ അനുവദിച്ചത്.