തൃശൂര്‍: പൂരനഗരിയെ ഇളക്കി മറിച്ച് പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെ റോഡ് ഷോ. തൃശൂര്‍ ജില്ലാ ആശുപത്രി ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ഒന്നര കിലോമീറ്റര്‍ പിന്നിട്ട് നായ്ക്കനാല്‍ വരെയാണ് റോഡ് ഷോ നടന്നത്. തുടര്‍ന്ന് തേക്കിന്‍കാട് മൈതാനത്ത് മഹിളാസമ്മേളനം ഉദ്ഘാടനം ചെയ്തു. തങ്ങളുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമായിരുന്നു പ്രസംഗം. മുത്തലാഖ് നിരോധനവും വനിതാ സംവരണ ബില്ലും ഉയര്‍ത്തികാട്ടിയായിരുന്നു മോദിയുടെ വാക്കുകള്‍. തുറന്ന വാഹനത്തില്‍ എസ് പി ജി അകമ്പടിയോടേ തേക്കിന്‍ കാട് മൈതാനി ചുററിയായിരുന്നു റോഡ് ഷോ നടത്തിയത്.
തുറന്ന വാഹനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ നിയുക്ത സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ സി നിവേദിത എന്നിവരുമുണ്ടായിരുന്നു. ബി ജെ പി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കൂടിയായിരുന്നു ഈ റോഡ് ഷോ.
ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് 3.40 ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്. റോഡിന്റെ ഇരുവശത്തും അദ്ദേഹത്തിന് അഭിവാദ്യം ചെയ്യുന്നതിനായി ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്. സമ്മേളന നഗരിയില്‍ എത്തിയതോടെ വാഹനത്തില്‍ നിന്ന് ഇറങ്ങി അദ്ദേഹം വേദിയിലേക്ക് കടന്നുവന്നു. ഇരുവശത്തുനിന്നും വനിതാ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് പുഷ്പവൃഷ്ടി നടത്തി. രണ്ട് ലക്ഷത്തോളം വനിതാ പ്രവര്‍ത്തകരാണ് എത്തിയതെന്ന് ബിജെപി പറയുന്നു. വേദിയില്‍ ക്രിക്കറ്റ് താരം മിന്നുമണി, പെന്‍ഷന്‍ സമരനായിക മറിയക്കുട്ടി, ഗായിക വൈക്കം വിജയലക്ഷ്മി, ബീനാ കണ്ണന്‍, പി.ടി ഉഷ, നടി ശോഭന തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കേ കേരളത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കൂടിയാണ് തൃശൂരില്‍ നടക്കുന്നത്. കഴിഞ്ഞ തവണ ശക്തമായ പോരാട്ടം കാഴ്ചവച്ച സുരേഷ് ഗോപി തന്നെ ഇത്തവണയും മത്സരിക്കും.
ഉച്ചയോടെ നെടുമ്പാശേരിയില്‍ ഇറങ്ങിയ മോദി ഹെലികോപ്ടറില്‍ കുട്ടനെല്ലൂരില്‍ എത്തുകയും അവിടെ നിന്ന് റോഡ് മാര്‍ഗം ജില്ലാ ആശുപത്രി ജംഗ്ഷനില്‍ എത്തുകയുമായിരുന്നു.