കഴിഞ്ഞ ദിവസം നിര്യാതനായ കവന്‍ട്രി മലയാളി കുര്യന്‍ തോമസിനു ബുധനാഴ്ച കവന്‍ട്രി മലയാളി സമൂഹം അന്ത്യ യാത്ര നല്‍കും. ബുധനാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണി മുതല്‍ 3.30 വരെ മിഡ്ലാന്‍ഡ്സ് ഹെര്‍മ്മോണ്‍ മാര്‍ത്തോമാ സഭയുടെ വൈദികരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഷെല്‍ഡണ്‍ സെന്റ് മേരീസ് ഹോബ്സ്മോട്ട് ചര്‍ച്ച് പള്ളിയിലാണ് പൊതുദര്‍ശനവും പ്രാര്‍ത്ഥനയും നടക്കുക. സംസ്‌കാര ശുശ്രൂഷകള്‍ നാട്ടില്‍ നടത്തുന്നതാണന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. കവന്‍ട്രി യൂണിവേഴ്സിറ്റി ആശുപത്രി ജീവനക്കാരനുമായിരുന്ന കുര്യന്‍ തോമസ് കവന്‍ട്രി മലയാളി കമ്മ്യൂണിറ്റിയുടെ സജീവ പ്രവര്‍ത്തകനും ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അന്ത്യയാത്ര ചടങ്ങില്‍ എല്ലാ സികെ സി അംഗങ്ങളും എത്തിച്ചേരണമെന്ന് കമ്മിറ്റി അറിയിച്ചു.
പൂര്‍ണ ആരോഗ്യവാന്‍ ആയിരുന്ന സാം പനിയും ചുമയും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് മരണത്തിന് കീഴടങ്ങുന്നതിന് കാരണമായത്. അവസാന നിമിഷങ്ങളില്‍ പോലും പൊരുതാന്‍ തയ്യാറായ സാമിന്റെ തലച്ചോര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച നിര്‍ണായക ഘട്ടത്തിലാണ് മെഡിക്കല്‍ ഡെത്ത് ശുപാര്‍ശ ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറായത്. അപ്പോഴും പൂര്‍ണ പ്രവര്‍ത്തന ക്ഷമമായ അദ്ദേഹത്തിന്റെ ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവ ദാനം ചെയ്യുകയും ചെയ്തു.
തിരുവല്ല നിരണം സ്വദേശിയായ സാമിന്റെ അമ്മയ്ക്കും പ്രിയ ജനങ്ങള്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. തന്റെ അന്ത്യനിദ്ര ജന്മ നാട്ടില്‍ ആയിരിക്കണം എന്ന് അദ്ദേഹത്തിന്റെയും ആഗ്രഹമായിരുന്നു. ഏറെക്കാലം തങ്ങള്‍ക്കൊപ്പം ജീവിച്ചു ഒടുവില്‍ ഒരു ഹീറോ ആയി മരണത്തിലേക്ക് നീങ്ങിയ സാമിന് ആദരവോടെ അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് കവന്‍ട്രി മലയാളികള്‍.
പൊതുദര്‍ശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം
St. Mary's, Hobs Moat Church Solihull B92 8PN