നാട്ടുവാര്‍ത്തകള്‍

ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളുടെ ശിക്ഷാ ഇളവ് സുപ്രീംകോടതി റദ്ദാക്കി; ഗുജറാത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടി

ന്യുഡല്‍ഹി: ഗുജറാത്തിലെ ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച 11 പ്രതികളും വീണ്ടും ജയിലിലേക്ക്. ഇവരുടെ ശിക്ഷ ഇളവ് ചെയ്ത ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ വിട്ടയയ്ക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനാണ് അവകാശമെന്നും കോടതി നിരീക്ഷിച്ചു. 11 പ്രതികളെയും വിട്ടയച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. ഗുജറാത്ത് കലാപക്കേസില്‍ ശിക്ഷാവിധി തീരുംമുന്‍പ് വിട്ടയച്ചത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളിലായിരുന്നു നടപടി.


വിധി ഗുജറാത്ത് സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ്. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ഗുജറാത്ത് സര്‍ക്കാര്‍ നിയമസംവിധാനം അട്ടിമറിച്ചെന്ന രൂക്ഷ വിമര്‍ശനവും കോടതി നടത്തി. കുറ്റവാളികള്‍ 14 കൊലപാതക കേസുകളിലും മൂന്ന് കൂട്ട ബലാത്സംഗക്കേസുകളിലും പ്രതികളാണ്. ശിക്ഷാ ഇളവ് നയം അനുസരിച്ചാണ് ശിക്ഷാ ഇളവ് നല്‍കിയതെന്നും നടപടിയില്‍ നിയമ വിരുദ്ധതയില്ലെന്നുമായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി തള്ളി. പ്രതികള്‍ക്ക് നല്‍കിയ ശിക്ഷാ ഇളവുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. ഇതോടെ 11 പ്രതികളും വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വരും.


ഗുജറാത്ത് കലാപകാലത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനുവായിരുന്നു കേസിലെ പ്രധാന ഹര്‍ജിക്കാരി. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് സിപിഎമ്മിന് വേണ്ടി സുഭാഷിണി അലി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, മുന്‍ ഐപിഎസ് ഫീസര്‍ മീരാന്‍ ഛദ്ദ ബോര്‍വാങ്കര്‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമണ്‍ തുടങ്ങിയവരാണ് ബില്‍കിസ് ബാനുവിന് ഒപ്പമുള്ള മറ്റ് ഹര്‍ജിക്കാര്‍. സാമൂഹിക പ്രത്യാഘാതം പരിഗണിക്കാതെയാണ് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനമെടുത്തത്, കുറ്റകൃത്യം ചെയ്തവര്‍ ഇളവ് അര്‍ഹിക്കുന്നില്ല എന്നുമായിരുന്നു ബില്‍ക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്തയുടെ വാദം.


എന്നാല്‍ 1992-ലെ ശിക്ഷാ ഇളവ് നയപ്രകാരമാണ് ശിക്ഷാ ഇളവ് നല്‍കിയതെന്നും ഇതില്‍ നിയമ വിരുദ്ധതയില്ലെന്നുമായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം. നിയമപരമായ എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് തീരുമാനമെടുത്തത്. ഗൗരവതരമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടവരാണെങ്കിലും മാനസിക പരിവര്‍ത്തനത്തിന് അവസരം നല്‍കണം. സമൂഹത്തില്‍ ഗുണപരമായ മാറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് കഴിയുമെന്നുമായിരുന്നു ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രാജു നല്‍കിയ മറുപടി.


2002 മാര്‍ച്ച് മൂന്നിനായിരുന്നു ഗുജറാത്ത് കലാപത്തിനിടെ 21കാരിയായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. അതിക്രമത്തിന് വിധേയയാകുന്ന സമയത്ത് അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു ഹര്‍ജിക്കാരി. മൂന്ന് വയസുകാരിയായ മകള്‍ ഉള്‍പ്പടെ ബില്‍ക്കിസിന്റെ കുടുംബത്തിലെ ഏഴ് പേരെയും കലാപകാരികള്‍ കൊന്നിരുന്നു. 2008-ലാണ് മുംബൈയിലെ വിചാരണക്കോടതി പ്രതികളെ കൊലപാതകം, ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ക്ക് ശിക്ഷിച്ചത്. ജീവപര്യന്തമായിരുന്നു മുംബൈയിലെ സെഷന്‍സ് കോടതി നല്‍കിയ ശിക്ഷ.


2017 ല്‍ ശിക്ഷാവിധി ശരിവെച്ചു. ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ ധനസഹായവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കണമെന്നായിരുന്നു രണ്ട് വര്‍ഷത്തിന് ശേഷമുള്ള സുപ്രീം കോടതി വിധി. ശിക്ഷ വിധിച്ച് പതിനഞ്ച് വര്‍ഷത്തിന് ശേഷം കുറ്റവാളികളില്‍ ഒരാളായ രാധേശ്യാം ഷാ ശിക്ഷായിളവ് തേടി ഹൈക്കോടതിയെ സമീപിച്ചു. അധികാരപരിധിയില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാരിനെ സമീപിക്കാനും നിര്‍ദ്ദേശിച്ച് ഗുജറാത്ത് ഹൈക്കോടതി ഹര്‍ജി മടക്കി. ശിക്ഷാ ഇളവിന്റെ കാര്യത്തില്‍ ഗുജറാത്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നായിരുന്നു സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ വിധി. തുടര്‍ന്നാണ് കുറ്റവാളികള്‍ ഗുജറാത്ത് സര്‍ക്കാരിനെ സമീപിച്ചതും ശിക്ഷായിളവ് നേടിയതും. എന്നാല്‍ കുറ്റവാളികള്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നു സുപ്രീംകോടതി ഇപ്പോള്‍ കണ്ടെത്തി.

  • ഏഴാം നാള്‍ കേരളത്തിന്റെ മുഖ്യമന്ത്രി വിധിച്ചു; സൂത്രധാരന്‍ പള്‍സര്‍ സുനി!
  • മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പോലീസ് പിന്നീട് തെറ്റിദ്ധരിപ്പിച്ചതാണെന്ന് ദിലീപ്
  • കള്ളക്കഥ കോടതിയില്‍ തകര്‍ന്ന് വീണു'; യഥാര്‍ത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് ദിലീപ്
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെവിട്ടു; ഗൂഢാലോചന തെളിയിക്കാനായില്ല
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions