സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ നിയമിതനായി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ റാഫേല്‍ തട്ടില്‍ പിതാവിനെ തെരഞ്ഞെടുത്തത്. 2018 മുതല്‍ ഷംഷാബാദ് രൂപതയുടെ മെത്രാന്‍ ആണ് മാര്‍ റാഫേല്‍ തട്ടില്‍. തൃശൂര്‍ രൂപതാംഗമാണ്. മേജര്‍ ആര്‍ച്ച് ബിഷപ്പ് ആകുമെന്ന് കരുതിയല്ല സിനഡ് യോഗത്തിന് വന്നതെന്നും ദൈവഹിതം അംഗീകരിക്കുന്നുവെന്നും റാഫേല്‍ തട്ടില്‍ പ്രതികരിച്ചു.
സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേല്‍ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രതികരിച്ചു. 1956 ഏപ്രില്‍ 21 ന് തൃശൂരിലാണ് അദ്ദേഹം ജനിച്ചത്. തൃശ്ശൂര്‍ പുത്തന്‍പള്ളി ഇടവകാംഗമായിരുന്നു. ത്രേസ്യ - ഔസേഫ് ദമ്പതികളുടെ പത്താമത്തെ മകനായാണ് ജനിച്ചത്. കോട്ടയത്ത് വൈദിക പഠനം പൂര്‍ത്തിയാക്കി അദ്ദേഹം ഫിലോസഫിയിലും തിയോളജിയിലും ബിരുദം നേടി.
1980 ഡിസംബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് റോമില്‍ ഉന്നത പഠനത്തിനായി പോയി. റോമില്‍ നിന്ന് തിരികെ വന്ന ശേഷം സിറോ മലബാര്‍ സഭയില്‍ വൈദികനായും സഭയുടെ വിവിധ സ്ഥാനങ്ങളും വഹിച്ച അദ്ദേഹത്തെ 2010 ഏപ്രില്‍ 10 ന് ബിഷപ്പായി സ്ഥാനക്കയറ്റം നല്‍കി. പിന്നീട് തൃശ്ശൂര്‍, ബ്രൂണി രൂപതകളില്‍ പ്രവര്‍ത്തിച്ചു. 2017 ഒക്ടോബര്‍ 10 ന് ഷംഷാബാദ് രൂപതയുടെ ആദ്യ ബിഷപ്പായാണ് മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ചത്.